വാഗണ്‍ ട്രാജഡിക്ക് സമാനമായി അങ്കണ്‍വാടി

Posted on: November 27, 2014 10:21 am | Last updated: November 27, 2014 at 10:21 am

കൊപ്പം: പഠനവും പാചകവും കളിയും ഇരുട്ട്മൂടിയ ഒറ്റമുറിക്കകത്ത്. വാഗണ്‍ ട്രാജഡിക്ക് സമാനമായി വള്ളിയത്ത്കുളമ്പ് അംഗന്‍വാടി.
വിളയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മഞ്ഞളാംകുഴി വള്ളിയത്ത് കുളമ്പ് അംഗന്‍വാടിയിലെ കുട്ടികളാണ് വര്‍ഷങ്ങളായി ഇരുട്ടില്‍തപ്പുന്നത്. പഞ്ചായത്തിലെ അംഗന്‍വാടികള്‍ക്കെല്ലാം സ്വന്തം കെട്ടിടമായെങ്കിലും വള്ളിയത്ത്കുളമ്പില്‍ ഇന്നും കുട്ടികളുടെ പഠനം ഇരുട്ട്മുറിക്കകത്താണ്. സ്വകാര്യവ്യക്തിയുടെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ വാടകയും വൈദ്യുതി ബില്ലും വെള്ളക്കരവും പഞ്ചായത്തായിരുന്നു അടച്ചിരുന്നത്. പഞ്ചായത്ത് കൈയൊഴിഞ്ഞതോടെ നാട്ടില്‍ നിന്നും പിരിവെടുത്ത് അംഗന്‍വാടി നടത്തേണ്ട ഗതികേടിലായി നാട്ടുകാര്‍.
പ്രദേശത്തെ 50 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്ക് ഇരിക്കാനോ വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഇവിടെ സൗകര്യമില്ല. നിന്ന് തിരിയാനിടമില്ലാത്ത വിധം ഇടുങ്ങിയ മുറിയിലെ പാചകവും അപകടഭീഷണി ഉയര്‍ത്തുന്നതാണ്. കെട്ടിടവാടകയും വെള്ളക്കരവും വൈദ്യുതി ബില്ലും നാട്ടില്‍ നിന്നും പിരിവെടുത്ത് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അംഗന്‍വാടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധയോഗം ചേര്‍ന്നു അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
വാര്‍ഡ് അംഗം വി റംലത്ത് ഉദ്ഘാടനം ചെയ്തു. വി കെ കോയാമു ഹാജി, വി ടി ഹംസ മൗലവി, വി ടി മാനുപ്പ, പി മുഹമ്മദ് മൗലവി, പി ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.