കണ്ടെത്തിയത് തീവ്രതയേറിയ പക്ഷിപ്പനിയെന്ന് മൃഗസംരക്ഷണ വകുപ്പ്

Posted on: November 25, 2014 12:34 pm | Last updated: November 26, 2014 at 12:28 am

tharavuആലപ്പുഴ: സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി തീവ്രതയേറിയതാണെന്ന് മൃഗസംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പശ്ചാതലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് വിലയിരുത്തല്‍. എച്ച് 5 എന്‍ 1 പനിയാണ് കണ്ടെത്തിയത്. തീവ്രതയേറിയ പക്ഷിപ്പനിയാണിത്. കണ്ടെത്തിയ പനി തീവ്രതയേറിയതല്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷിപ്പനി നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ശക്തമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ അഡീഷനല്‍ ഡയറക്ടറെ നിയമിക്കും. കൂടുതല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും ഓരോ ജില്ലയിലും പ്രത്യേകം ജോയിന്റ് ഡയറക്ടര്‍മാരെ നിയമിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മൂന്ന് ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കൃഷി മന്ത്രി കെ പി മോഹനന്‍ അറിയിച്ചു.