ജഡ്ജിമാരില്ല; കോടതികളില്‍ സിറ്റിംഗ് നിലച്ചു

Posted on: November 25, 2014 10:33 am | Last updated: November 25, 2014 at 10:33 am

വടകര: വടകര മോട്ടേഴ്‌സ് ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍, കുടുംബ കോടതി എന്നിവിടങ്ങളില്‍ ജഡ്ജിമാരില്ലാത്തതിനാല്‍ സിറ്റിംഗ് നിലച്ചു. എം എ സി ടി ജഡ്ജ് ഡോ. വി വിജയകുമാര്‍ സ്ഥലംമാറി പോയതിനെ തുടര്‍ന്നും കുടുംബ കോടതി ജഡ്ജ് മമ്മൂട്ടി സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നുമാണ് ഇരു കോടതികളുടെയും പ്രവര്‍ത്തനം നിശ്ചലമായത്.
അഡീഷനല്‍ ജില്ലാ ജഡ്ജ് കെ ജെ ആര്‍ബിക്ക് എം എ സി ടിയുടെ ചുമതലയുണ്ടെങ്കിലും നാല് ജില്ലകളിലെ മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഡി പി എസ് ജഡ്ജിക്ക് ജോലിഭാരം കൂടുതലാണ്. മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചതും നാല് ജില്ലകളിലെയും അറസ്റ്റ് ചെയ്ത പ്രതികളെ ഹാജരാക്കി മേല്‍നടപടി സ്വീകരിക്കേണ്ടതും ഈ കോടതി തന്നെയാണ്. ഇതിനിടയിലാണ് എം എ സി ടി യുടെയും ചുമതല അഡീഷനല്‍ ജില്ലാ ജഡ്ജിക്ക് നല്‍കിയിരിക്കുന്നത്. എം എ സി ടിക്ക് പുതിയ ജഡ്ജിയെ പ്രത്യേകം നിയമിക്കാതായതോടെ കഴിഞ്ഞ അഞ്ച് മാസമായി സിറ്റിംഗും നടക്കാറില്ല. വടകര എം എ സി ടിക്ക് കീഴില്‍ ക്യാമ്പ് സിറ്റിംഗ് നടക്കുന്ന കൊയിലാണ്ടി, പേരാമ്പ്ര, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിലും സിറ്റിംഗ് നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ അഞ്ഞൂറില്‍പ്പരം കേസുകള്‍ കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് വീട്ടുപടിക്കല്‍ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് ആസ്ഥാനങ്ങളിലും ഇതിന് കീഴില്‍ ക്യാമ്പ് സിറ്റിംഗും നടപ്പാക്കിവരുന്നത്. എന്നാല്‍ കേസുകള്‍ കോഴിക്കോട്ടേക്ക് മാറ്റുന്ന കക്ഷികള്‍ക്ക് സാമ്പത്തിക ദുരിതവും പ്രയാസവും ഇരട്ടിയിലേറെ വര്‍ധിച്ചിരിക്കുകയാണ്.
ഇതിലും വ്യത്യസ്തമാണ് കുടുംബ കോടതി. നിലവിലുള്ള ജഡ്ജ് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15 മുതലാണ് വിചാരണ തടസ്സപ്പെട്ടത്. എഴുന്നൂറോളം കേസുകളാണ് കുടുംബ കോടതിയില്‍ കെട്ടിക്കിടക്കുന്നത്. പുതിയ ജഡ്ജിമാരെ നിയമിക്കേണ്ടത് ഹൈക്കോടതിയാണ്.