തൃത്താല സബ്ജില്ലയില്‍ സ്‌മൈല്‍ പദ്ധതി തുടങ്ങും

Posted on: November 25, 2014 12:37 am | Last updated: November 24, 2014 at 11:38 pm

കുറ്റനാട്: തൃത്താല സബ്ജില്ലയില്‍ സ്‌മൈല്‍ പദ്ധതി തുടങ്ങുമെന്ന് വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു.
സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി തൃത്താല ബി ആര്‍ സിയില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍എ തൃത്താല സബ് ജില്ലയില്‍ ഇരുപത് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ആരംഭിക്കും.
ഓരോ സ്‌കൂളിലും രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന സ്മാര്‍ട്ട് ക്ലാസ് റൂം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എം എല്‍ എയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 30 ശതമാനവും ആസ്തി വികസന ഫണ്ടിന്റെ മുഴുവനും വിദ്യാഭ്യാസാവശ്യത്തിനായി വിനിയോഗിക്കുമെന്നും എം എല്‍ എ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി സബ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. സബ് കമ്മിറ്റി എല്ലാ മാസവും യോഗം ചേരും. യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസര്‍ ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ എം ഉണ്ണികൃഷ്ണന്‍, ഡയറ്റ് ഫാക്കല്‍റ്റി രാമചന്ദ്രന്‍ മാസ്റ്റര്‍, സ്‌മൈല്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ദാസ് പടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
ഐ ടി വിദ്യഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മണ്ഡലത്തിലെ 47 എല്‍പി സ്‌കൂളുകളിലായി പതിനാറര ലക്ഷം രൂപ ചെലവില്‍ ലാപ്‌ടോപ് വിതരണം, 17 യുപി സ്‌കൂളുകളിലും 3.5 ലക്ഷം രൂപ ചെലവില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം, ബി എസ് എന്‍ എല്ലുമായി സഹകരിച്ച് എല്ലാ സ്‌കൂളുകളിലും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആധുനിക സൗകര്യത്തോടു കൂടി രാജീവ് ഗാന്ധിയുടെ പേരില്‍ ഐ.ടി ലാബുകള്‍, കുട്ടികളില്‍ വായന വളര്‍ത്താന്‍ എല്ലാ സ്‌കൂളുകളിലും ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ ലൈബ്രറികള്‍ തുടങ്ങിയ പദ്ധതികളാണ് സ്‌മൈലിലൂടെ മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്നത്.