വനം വകുപ്പിന്റെ അശ്രദ്ധമൂലം ഏട്ടോളം കാട്ടാന ചെരിഞ്ഞതായി ഗണേഷ് കുമാര്‍

Posted on: November 24, 2014 11:10 am | Last updated: November 24, 2014 at 11:10 am

പാലക്കാട്: വനംവകുപ്പിന്റെ അശ്രദ്ധമൂലം എട്ട് ആനകള്‍ ചരിഞ്ഞതായി മുന്‍മന്ത്രി കെ ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. കാട്ടിലെ ആനക്ക് കൈക്കൂലി നല്‍കാന്‍ ആളില്ലാത്തതിനാല്‍ അത് പുഴുത്ത് ചാവുന്ന സ്ഥിതിയാണ്. തങ്ങളുടെ ജോലിയില്‍ നിന്നും വനംവകുപ്പ് ഒളിച്ചോടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് ആന ഉടമകളുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനക്കുട്ടിയെ കിട്ടിയാല്‍ കാട്ടിലേക്ക് കയറ്റിവിടണമെന്നാണ് വനംവകുപ്പ് നിലപാട്. അതിന് തിന്നാന്‍ കൊടുക്കാനും ചികിത്സിക്കാനും പണമില്ലെന്നാണ് പറയുന്നത്. ആനകളുടെ പരിചരണത്തിനായി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി വേണമെന്ന് കേന്ദ്രത്തോട് ചോദിച്ചെങ്കിലും അനുവദിക്കാന്‍ ജയറാം രമേശ് തയ്യാറായില്ല. സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടിരൂപ ഇതിനായി വകയിരുത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ആനകളുടെ ക്ഷേമത്തിനായി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ഉള്‍പ്പെടെ ട്രസ്റ്റ് രൂപീകരിക്കും.
വനംവകുപ്പിന്റെ സ്‌ട്രോങ് റൂമില്‍ 1800 ആനകൊമ്പുകളുണ്ട്. ഇവ മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിനു പകരം കൊമ്പുകള്‍ കത്തിക്കണമെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. കാട്ടാനകളെ പിടിച്ച് നാട്ടാനകളാക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെയ്ക്കാന്‍ അനുമതി നല്‍കിയതുപോലെ പത്തുവര്‍ഷം കഴിഞ്ഞാല്‍ കാട്ടാനകളെയും വെടിവയ്ക്കാന്‍ പറയുന്ന സ്ഥിതിവരും. നിലവില്‍ 8800 ആനകള്‍ കാട്ടിലുണ്ടെന്നാണ് കണക്ക്.
പോലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസുപോലും ഒഴിവാക്കുന്ന സര്‍ക്കാര്‍ ആന ഇടഞ്ഞതിന്റെ പേരില്‍ ഉടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ നിരാഹാരം കിടന്ന എം ബി രാജേഷ് എം പിയെ ഗണേഷ്‌കുമാര്‍ അഭിനന്ദിച്ചു.