Connect with us

National

സംസ്‌കൃതം നിര്‍ബന്ധമാക്കില്ല: കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. കരിക്കുലത്തില്‍ സംസ്‌കൃതം നിര്‍ബന്ധമാക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ ആര്‍ എസ് എസ് പ്രതിനിധിയായി ആരോപിക്കുന്നത് തങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഇങ്ങനെ ശ്രദ്ധ തിരിക്കേണ്ട ആവശ്യം കഴിയും വരെ അവര്‍ ഈ അജന്‍ഡ തുടരും. അതിന് താന്‍ സന്നദ്ധയാണ്, പ്രശ്‌നമില്ല. സ്മൃതി ഇറാനി പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി ജര്‍മന് പകരം സംസ്‌കൃതം പഠിക്കണമെന്ന വിവാദമായ തീരുമാനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, 2011ല്‍ ഒപ്പുവെച്ച നയതന്ത്ര കരാറിനെ തുടര്‍ന്നാണ് ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നതെന്നും ഈ കരാര്‍ ഭരണഘടനാവിരുദ്ധമാണെന്നും ഈ കരാറിലെങ്ങനെ എത്തിയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംസ്‌കൃത നിര്‍ബന്ധമായും പഠിക്കേണ്ട ഭാഷയാക്കുമോയെന്ന് ചോദിച്ചപ്പോള്‍, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട 23 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മൂന്ന് ഭാഷാ ഫോര്‍മുലയാണ് ഇതില്‍ അവലംബിക്കുകയെന്ന് അവര്‍ മറുപടി നല്‍കി. വിദേശ ഭാഷയെന്ന നിലക്ക് ജര്‍മന്‍ പഠിപ്പിക്കല്‍ തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ചും മന്താരിനും പഠിപ്പിക്കുന്നുണ്ട്. ജര്‍മനും ഇതേരീതിയില്‍ തുടരും. താനെന്താണ് പറയുന്നതെന്ന് ആളുകള്‍ മനസ്സിലാക്കാത്തത് വേദനാജനകമാണ്. അവര്‍ പറഞ്ഞു.
നേരത്തെ, ജര്‍മന്‍ ഭാഷ മാറ്റി സംസ്‌കൃതം മൂന്നാം ഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനത്തെ അവര്‍ ശക്തമായി ന്യായീകരിച്ചിരുന്നു. നിലവിലെ രീതി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അവരുടെ ന്യായീകരണം. വിദ്യാഭ്യാസ രംഗം കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നതിനെ അവര്‍ ശക്തമായി നിഷേധിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണത്തെ മാനിച്ച് മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തത്തെ വിശദീകരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാപനമേധാവികളെ തിരഞ്ഞെടുത്തത് മതം നോക്കിയിട്ടേ അല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെ പരാതിയില്‍ ജര്‍മന്‍ ഭാഷാ വിഷയത്തില്‍ സുപ്രീം കോടതി വകുപ്പിന് നോട്ടീസ് അയച്ചിരുന്നു.

Latest