മാലിന്യം നീക്കം ചെയ്ത് കുട്ടികള്‍ മാതൃകയായി

Posted on: November 23, 2014 11:39 am | Last updated: November 23, 2014 at 11:39 am

കാളികാവ്: ആരുടേയും പ്രേരണകളില്ലാതെ, കൊട്ടുംകുരവയുമില്ലാതെ ഒരുകൂട്ടം കുട്ടികള്‍ കല്ലാമൂല പാലത്തിന് മുകളില്‍ ഉണ്ടായിരുന്ന മാലിന്യം നീക്കം ചെയ്തു. നിലമ്പൂര്‍-പെരുംമ്പിലാവ് സംസ്ഥാനപാതയിലെ പാലത്തിന്റെ നടപ്പാതയിലും ഉരുഭാഗങ്ങളിലും കാട് മൂടിയത് കാരണം കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസത്തിലായിരുന്നു.
ചോക്കാട് ജി യു പി സ്‌കൂള്‍, പുല്ലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് നൂറ് കണക്കിന് കുട്ടികളാണ് ദിനംപ്രതി ഇത് വഴി നടന്ന് പോകുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസവുമായിരുന്നു. ദിവസവും കുട്ടികളുടെ ദുരിതങ്ങള്‍ നേരില്‍കാണുന്ന സമീപവാസികളായ കുട്ടികളാണ് ഇ പി മായമികാക്കയുടെ നേതൃത്വത്തില്‍ പാലം വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയത്. സി എച്ച് ഉനൈസ്, ടി അന്‍ഷാബ്, പി സഫീര്‍, പി മുഹ്‌സിന്‍, സി ടി മുഹമ്മദ് ഫാരിസ് എന്നിവരാണ് നാട്ടുകാര്‍ക്കും അധികൃതര്‍ക്കും വഴികാട്ടിയായത്.
അവശതകള്‍ മാറ്റിവെച്ച് ഭിന്ന ശേഷിയുള്ള കുരിക്കള്‍ കുഞ്ഞിമോനും സുഹൃത്തുക്കളോടൊപ്പം ആവുന്നത്ര സേവന വാരത്തില്‍ പങ്ക് ചേര്‍ന്നു. റോഡില്‍ മരം വീണാലോ മറ്റോ പിരിവ് നടത്തി അത് നീക്കുന്ന പല്ലവിയും ഇവിടെയുണ്ടായിരുന്നില്ല.