ഡല്‍ഹി നാഇബ് ഇമാം പ്രഖ്യാപനം: നിയമപ്രാബല്യമില്ലെന്ന് ഹൈക്കോടതി

Posted on: November 22, 2014 5:21 am | Last updated: November 21, 2014 at 11:22 pm

delhi imamന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി തന്റെ പിന്‍ഗാമിയായി മകനെ അവരോധിക്കുന്നതിന് യാതൊരു നിയമപ്രാബല്യവുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അതേസമയം ഇന്ന് നടക്കുന്ന പരിപാടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് ആര്‍ എസ് എന്ത്‌ളോയും ചേര്‍ന്ന ബഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്.
മകനെ നാഇബ് ഇമാമായി അവരോധിക്കാനുളള തീരുമാനത്തില്‍ പ്രതികരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍, വഖ്ഫ് ബോര്‍ഡ്, ബുഖാരി, മൂന്ന് പൊതുതാത്പര്യ ഹരജിക്കാര്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുവരെ ബുഖാരിക്കെതിരെ നടപടിയെടുക്കാത്തതില്‍ വഖ്ഫ് ബോര്‍ഡിനെ കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം വാദം കേള്‍ക്കലിനിടെ ഇമാമിന്റെ നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ്‌ബോര്‍ഡും കേന്ദ്രവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിയമപരമായി എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിന്, അടുത്ത് തന്നെ യോഗം വിളിക്കുമെന്നും ബുഖാരിക്കെതിരെ നടപടി സ്വീകരിക്കുമെന്നും വഖ്ഫ് ബോര്‍ഡ് അറിയിച്ചു. ജമാ മസ്ജിദ് വഖ്ഫ് സ്വത്താണെന്നും അതിനാല്‍ ശാഹി ഇമാമിനെ തിരഞ്ഞെടുക്കുന്നത് വഖ്ഫ് ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രവും അറിയിച്ചു.
അതേസമയം, ജമാ മസ്ജിദിനെ പുരാതന സ്മാരകമായി പ്രഖ്യാപിക്കണമെന്നും സംരക്ഷിക്കേണ്ടതുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹി വഖ്ഫ് ബോര്‍ഡിന്റെ സ്വത്താണ് മസ്ജിദെന്നും ബുഖാരി അവിടുത്തെ ജീവനക്കാരനായതിനാല്‍ നാഇബ് ഇമാമിനെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ഹരജി സമര്‍പ്പിച്ച സുഹൈല്‍ അഹ്മദ് ഖാന്‍, അജയ് ഗൗതം, അഭിഭാഷകനായ വി കെ ആനന്ദ് എന്നിവര്‍ വാദിക്കുന്നു. ജമാ മസ്ജിദിന്റെ കൈകാര്യകര്‍തൃത്വം വഖ്ഫ് ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും പുതിയ ശാഹി ഇമാമിനെ തിരഞ്ഞെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം 30നാണ് 19കാരനായ മകനെ നാഇബ് ഇമാമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് നടക്കുമെന്ന് സയ്യിദ് അഹ്മദ് ബുഖാരി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രമുഖ വ്യക്തികളാണ് പരിപാടിയില്‍ പങ്കെടുക്കുക.