ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ഇല്ല

Posted on: November 21, 2014 4:02 pm | Last updated: November 22, 2014 at 5:53 pm

aranmula...ന്യൂഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് വിമാനത്താവള നിര്‍മാണ കമ്പനിയായ കുമരന്‍ജി ഷണ്‍മുഖം ഗ്രൂപ്പ് (കെ ജി എസ്) സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. പദ്ധതി പ്രദേശത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കെ ജി എസ് ഗ്രൂപ്പിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു അതും കോടതി ശരിവെച്ചു. ഇതോടെ വിമാനത്താവള പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.
ആറന്മുള വിമാനത്താവളത്തിനായി പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ ഏജന്‍സിക്ക് ഇതിന് യോഗ്യതയില്ലെന്ന ഹരിത ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍ ശരിവെച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്. പരിസ്ഥിതി ആഘാത പഠനം നടത്തിയ സ്ഥാപനത്തിന് 2010ല്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും നിരവധി വിമാനത്താവളങ്ങളില്‍ പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടെന്നും പഠനം നടത്തുമ്പോള്‍ കമ്പനിക്ക് യോഗ്യതയുണ്ടായിരുന്നുവെന്നുമുള്ള കെ ജി എസിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത്തരം കാര്യങ്ങള്‍ വാക്കാല്‍ വ്യക്തമാക്കാതെ രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഇവര്‍ക്ക് അംഗീകാരമുണ്ടെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഹാജരാക്കാന്‍ കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിലാണ് വിശദ വാദത്തിലേക്ക് കടക്കാതെ ഹരജി തള്ളിയത്. കഴിഞ്ഞ മെയിലായിരുന്നു ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതിക അനുമതി നിഷേധിച്ചത്. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് കമ്പനി കൃത്യമായ പഠനം നടത്തിയതിന് തെളിവില്ല. മാത്രമല്ല, പദ്ധതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.
സുപ്രീം കോടതിയും ഹരജി നിരാകരിച്ചതോടെ ഇനി പാരിസ്ഥിതിക അനുമതിക്കായി നടപടി ക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. പൊതുജനങ്ങളില്‍ നിന്ന് പുതുതായി തെളിവെടുക്കുകയും പാരിസ്ഥിതികാഘാത പഠനം നടത്തുകയും വേണം. അതേസമയം, പാരിസ്ഥിതിക അനുമതിക്കായി പുതിയ പഠനം നടത്തുമെന്നും സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും കെ ജി എസ് ഗ്രൂപ്പ് അറിയിച്ചു.