Connect with us

Kerala

ജലനിരപ്പ് 142 അടിയില്‍; കുലുക്കമില്ലാതെ തമിഴ്‌നാട്

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ 142 അടിയായി ഉയര്‍ന്ന ജലനിരപ്പ് രാവിലെയോടെ 141.97 അടിയായി കുറഞ്ഞു. അതേസമയം വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

ജലനിരപ്പ് പരമാവധിയിലെത്തിയെങ്കിലും ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് 2300 ഘനയടിയാകാതെ ഷട്ടറുകള്‍ തുറക്കില്ലെന്ന് തേനി ജില്ലാ കലക്ടര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ തമിഴ്‌നാട് വെളളം കൊണ്ടുപോകുന്നത് നിര്‍ത്തുകയും രാത്രി വൃഷ്ടിപ്രദേശത്ത് മഴ പെയ്യുകയും ചെയ്തതോടെയാണ് 35 വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാര്‍ ഡാം 142 അടി ജലനിരപ്പിലെത്തിയത്. ജലനിരപ്പ് 142 അടിയെത്തിയെങ്കിലും തമിഴ്‌നാട് ഷട്ടര്‍ തുറന്നിട്ടില്ല. പകരം വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ വെളളം കൊണ്ടുപോകാനാണ് തീരുമാനം. ജലനിരപ്പ് 141.8 ലെത്തിയാല്‍ നല്‍കുമെന്ന് പറഞ്ഞ ജാഗ്രതാ നിര്‍ദേശം തമിഴ്‌നാട് നല്‍കിയിട്ടില്ല. 1979ലാണ് അപകടാവസ്ഥ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്നും 136 ആയി താഴ്ത്തിയത്. ഇതിനെതിരെ മൂന്നര പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ മെയിലാണ് തമിഴ്‌നാടിന് അനുകൂല വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്.

ഇടുക്കി ജില്ലാ ഭരണകൂടം സ്വീകരിച്ചതായി പറയുന്ന സുരക്ഷാ നടപടികളൊന്നും പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പര്യാപ്തമായിട്ടില്ല. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ വില്ലേജുകളിലായി 17 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളാരും അവിടേക്ക് എത്തിയിട്ടില്ല. തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കിയാലുടന്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ പറയുന്നു.
തമിഴ്‌നാട് കേരളത്തെ ഭയപ്പെടുത്തുന്നതായി മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധി വി. ജെ കുര്യന്‍ ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം കുറ്റപ്പെടുത്തി.മുല്ലപ്പെരിയാറിലെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോവണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് കൂട്ടാക്കുന്നില്ല.വൈഗയിലിപ്പോള്‍ സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമാണ് വെള്ളമുള്ളത്. 3.5 ടി.എം.സി വെള്ളം കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി വൈഗക്ക് ഉണ്ട്.

ഇന്നലെ രാവിലെ വനംവകുപ്പ് മേധാവി വി. ഗോപിനാഥ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 3000 ഏക്കറോളം വനം വെള്ളത്തിനടിയിലായിട്ടുണ്ട്. പെരിയാര്‍ തീരവാസികളെ 20 കുടുംബങ്ങള്‍ അടങ്ങിയ ക്ലസ്റ്ററുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണം. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന അടിയന്തര സാഹചര്യത്തില്‍ അപായ സൂചനയായി സൈറണ്‍ മുഴക്കും. ഇത് മുന്നറിയിപ്പായി കണക്കാക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ജനങ്ങളുടെ ആശങ്കകള്‍ തരണം ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനുമായി പ്രത്യേക സംഘം ഇന്നെത്തും.