Connect with us

National

മോദി സര്‍ക്കാറിന്റെത് ചരിത്രത്തിലെ വലിയ ഇസ്‌റാഈല്‍ ബന്ധം

Published

|

Last Updated

ന്യൂഡല്‍ഹി/ ടെല്‍ അവീവ്: കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഇസ്‌റാഈലുമായുള്ള വ്യാപാര, പ്രതിരോധ, സാങ്കേതിക സഹകരണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച. സെപ്തംബറില്‍ യു എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നരേന്ദ്ര മോദി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ നാവിക സേനക്കായി ഇസ്‌റാഈലി മിസൈലുകള്‍ വാങ്ങാനുള്ള കൂറ്റന്‍ കരാറിന് മോദി മന്ത്രിസഭ ഇതിന്റെ ഭാഗമായി അനുമതി നല്‍കി. വളരെക്കാലമായി കോള്‍ഡ് സ്റ്റോറേജിലായിരുന്നു ഈ കരാര്‍. ഒക്‌ടോബറില്‍ 52 കോടി ഡോളറിന്റെ ടാങ്ക്‌വേധ മിസൈല്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെച്ചു. ഒരാഴ്ച മുമ്പ് ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി ആകാശ പ്രതിരോധ സംവിധാനം വികസിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഈ സംയുക്ത നീക്കത്തെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. മേക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ തദ്ദേശീയ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുമ്പോഴാണ് ഇസ്‌റാഈലുമായി ഈ സഹകരണം പൊടിപൊടിക്കുന്നത്.
ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ പ്രതിരോധ രംഗത്തും സാമ്പത്തിക രംഗത്തും സഹകരണത്തിന്റെ കുതിച്ചു ചാട്ടം തന്നെ സാധ്യമായിരിക്കുന്നുവെന്ന് ഇസ്‌റാഈലി ധനമന്ത്രിയും നെതന്യാഹുവിന്റെ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായ നഫ്താലി ബെന്നറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്‌റാഈലി സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഇന്ന് ഏറ്റവും മുന്നില്‍ ഇന്ത്യയാണ്. മറ്റ് വ്യാപാരരംഗത്തും ഇത് പ്രകടമാണ്. 2014ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഇന്ത്യ- ഇസ്‌റാഈല്‍ ഉഭയകകഷി വ്യാപാരം 340 കോടി ഡോളറിലെത്തി.
ഇസ്‌റാഈലിന്റെ ഏറ്റവും വലിയ കയറ്റുമതി പങ്കാളി യൂറോപ്യന്‍ യൂനിയനാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയായിരുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുതിച്ചതോടെ ഈ രണ്ടാം സ്ഥാനം ഏഷ്യക്ക് കരഗതമായിരിക്കുകയാണ്. 2006ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജലസേചനരംഗത്ത് ഇസ്‌റാഈലി സാങ്കേതിക, സാമ്പത്തിക സഹായം കുറച്ചൊന്നുമല്ല ഒഴുകിയത്. അന്ന് പലതവണ മോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു. ഈ ബന്ധമാണ് ഇന്ന് ഡല്‍ഹിയിലെ അധികാരക്കസേരയില്‍ ഇരിക്കുമ്പോള്‍ പുതിയ ബന്ധങ്ങള്‍ക്ക് അടിത്തറയാകുന്നത്.
മോദിയുടെ മുന്‍ഗാമി മന്‍മോഹന്‍ സിംഗ് ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ കരുതലോടെയാണ് നീങ്ങിയിരുന്നതെന്നും ഫലസ്തീന്‍ പൗരന്‍മാരോടുള്ള ക്രൂരതയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിഷേധമുയരുമെന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ന്യൂഡല്‍ഹി ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവി സി രാജ മോഹന്‍ പറഞ്ഞു. ഏഷ്യയില്‍ ഉയര്‍ന്നു വരുന്ന ശക്തിയെന്ന നിലയിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും ഇന്ത്യയുമായുള്ള ബന്ധത്തെ ഇസ്‌റാഈല്‍ വലിയ തോതില്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈല്‍ പോര്‍ട്ട് കമ്പനി ഗുജറാത്തില്‍ ഡീപ് വാട്ടര്‍ തുറമുഖം ഉണ്ടാക്കുന്നതിന് ഇന്ത്യയുടെ കാര്‍ഗോ മോട്ടോര്‍സുമായി സഹകരിക്കുന്നതിനുള്ള കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്. ഡല്‍ഹിക്കടുത്ത് ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇസ്‌റാഈലിലെ ടവര്‍ ജാസ് കമ്പനിയുമായി ഇന്ത്യയുടെ ജയപ്രകാശ് അസോസിയേറ്റ്‌സ് കൈകോര്‍ക്കുന്നുണ്ട്. ഐ ബി എമ്മും പങ്കാളിയായ ഈ പദ്ധതി 560 കോടി ഡോളറിന്റെതാണ്. ടെല്‍ അവീവില്‍ കഴിഞ്ഞ ആഴ്ച നടന്ന സുരക്ഷാ സമ്മേളനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ പൈപ്പ്‌ലൈന്‍, റിഫൈനറികള്‍ മുതലായവകള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു.
അടുത്ത വര്‍ഷത്തോടെ ഇന്ത്യയും ഇസ്‌റാഈലും സ്വതന്ത്ര വ്യാപാര കരാറില്‍ എത്തുമെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest