നാളെയുടെ നിര്‍മിതിക്ക് അടിത്തറയായ് ‘ദ ബിഗ് 5 ഷോ’

Posted on: November 19, 2014 6:19 pm | Last updated: November 19, 2014 at 6:19 pm

day_1__2014_13ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ‘ദ ബിഗ് 5 ഷോ’ ശ്രദ്ധേയമാകുന്നു. 60 രാജ്യങ്ങളില്‍ നിന്നുള്ള 2,700 ഓളം കെട്ടിട നിര്‍മാണ സാമഗ്രികളുടെ കമ്പനികളാണ് എത്തിയത്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അംബരചുമ്പികളും മനോഹരവുമായ കെട്ടിടങ്ങളുടെ രൂപകല്‍പനകളും മാതൃകകളും പ്രദര്‍ശനത്തിനുണ്ട്. 124ലധികം രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ,് ആര്‍കിടെക്റ്റ് തലത്തിലുള്ള മുക്കാല്‍ ലക്ഷത്തോളം സന്ദര്‍ശകരെ ‘ദ ബിഗ് 5’ ബിഗ് എഡിഷന്‍ ആകര്‍ഷിക്കുന്നു.
ദുബൈ നഗരസഭ എഞ്ചിനീയറിംഗ് ആന്‍ഡ് പ്ലാനിംഗ് അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റഫിയ ദുബൈയുടെ പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ നിയമങ്ങളെക്കുറിച്ചു വിവരിച്ചു. ഊര്‍ജ സംരക്ഷിത കൂളിംഗ് സംവിധാനങ്ങള്‍ എങ്ങിനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരുള്‍പ്പെടുന്ന പാനല്‍ ചര്‍ച്ച ഇന്ന് നടക്കും.
കെട്ടിട നിര്‍മാണത്തെ സഹായിക്കുന്ന വലിയ വാഹനങ്ങളുടെ പ്രദര്‍ശനം, ടൈല്‍, ഫര്‍ണിഷിംഗ്, ക്ലാഡിംഗ്, കിച്ചണ്‍, സാനിറ്ററിവെയര്‍ തുടങ്ങി കെട്ടിട അലങ്കാര ഉല്‍പന്ന നിര്‍മാതാക്കളുടെ പങ്കാളിത്തവും ആകര്‍ഷകമാക്കിയ മേള നാളെ സമാപിക്കും.