Connect with us

Articles

നീതികേടിന്റെ നീതിപീഠങ്ങള്‍

Published

|

Last Updated

ഒരു ജനാധിപത്യ മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ നീതിപീഠങ്ങള്‍ക്ക് വലിയ പ്രാധാന്യം നാം കൊടുക്കുന്നുണ്ട്. പലപ്പോഴും വഴിവിട്ടു ചലിക്കുന്ന ഭരണകൂടങ്ങളെ നീതിയുടെ പക്ഷത്ത് അവരോധിക്കാന്‍ കോടതികള്‍ സഹായിച്ച ചരിത്രം സമീപകാലം വരെ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇന്നാട്ടിലെ പൗരസമൂഹം കോടതിയുടെ ഇടപെടലുകളെ വേണ്ടത്ര ഗണിക്കുകയും അര്‍ഹമായ രീതിയില്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുമുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പാതയില്‍ ഭരണകൂടം വഴിതെറ്റി നടന്നപ്പോഴും തെരുവുകളില്‍ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോഴും മനുഷ്യാവകാശ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടനകള്‍ക്ക് താങ്ങായി നിന്നപ്പോഴും നീതിപീഠത്തിന്റെ കരുത്ത് സ്വയം അനുഭവിച്ചവരാണ് നാം.
പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ചോദ്യം ചെയ്യപ്പെടാവുന്ന രീതിയില്‍ കോടതി അഭിപ്രായം പറയുകയും, നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മുന്‍ധാരണകളെ കീഴ്‌മേല്‍ മറിക്കും വിധം നീതികേടിന്റെ പക്ഷത്തേക്ക് നിയമ വ്യവസ്ഥ നീങ്ങുന്ന ചില അശുഭ കാഴ്ചകള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടതായി വരുന്നു. ജനാധിപത്യബോധമോ സമത്വബോധമോ അടിസ്ഥാന മൂല്യങ്ങളായി കല്‍പിക്കേണ്ട ഒരു സ്ഥാപനത്തില്‍ നിന്നും സംഭവിക്കേണ്ടതല്ല ഇവ. അത്തരത്തില്‍ ഒന്നാണ് ഡല്‍ഹി കോടതി ഈയിടെ പുറപ്പെടുവിച്ച ഒരു അഭിപ്രായം. അതാവട്ടെ നമ്മുടെ പൈതൃകത്തെ ചോദ്യം ചെയ്യുന്നതും, നൈതികതയെ തിരസ്‌കരിക്കുന്നതുമായ ഒന്നാണ്; പ്രത്യേകിച്ച് സ്ത്രീപീഡന കഥകള്‍ വ്യാപകമായ ഒരു സമൂഹത്തില്‍. ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീ ആര്‍ത്തവം നിലച്ചവളാണെങ്കില്‍ അത് കുറ്റകരമല്ല എന്നതാണ് വിചിത്രമായ ഈ കോടതിവിധി !
ഒരു സ്ത്രീയുടെ അനുവാദമില്ലാതെ ഒരു പുരുഷന്‍ അവള്‍ക്കു നേരെ നടത്തുന്ന ഏതൊരു കയ്യേറ്റവും സ്ത്രീപീഡനമായി തന്നെയാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്. എന്നാല്‍, വൃദ്ധകളുമായുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം ബലാത്‌സംഗത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന “കണ്ടെത്തല്‍” കോടതി സ്ത്രീപീഡനങ്ങള്‍ക്ക് പരോക്ഷമായി അനുവാദം കൊടുക്കുന്നതിന് തുല്യമായി വ്യാഖ്യാനിക്കാനാണ് ഇട നല്‍കുന്നത്. ആര്‍ത്തവം നിലച്ചാലും ഇല്ലെങ്കിലും സ്ത്രീ ശരീരമെന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും അസ്തിത്വത്തിന്റെയും ഭാഗം തന്നെയാണ്. ശാര്‍ദ എന്ന 65 വയസ്സുകാരി സ്ത്രീയെ മാനഭംഗപ്പെടുത്തിക്കൊന്ന കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 45 കാരന്‍ അജയ്‌ലാല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിവാദപരമായ കോടതിയുടെ വിധി. ഇങ്ങനെയൊരു വിധി തീര്‍പ്പാക്കും മുമ്പ് ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗും മുക്ത ഗുപ്തയും കാണാതെപോയ, അഥവാ കണ്ടിട്ടും കണ്ണടച്ച ഒരു വസ്തുതയുണ്ട്. ഈ വിധി ഇന്ത്യന്‍ നീതിവ്യവസ്ഥ സ്ത്രീ സമൂഹത്തിനു നല്‍കുന്ന ഔന്നത്യത്തിന് വിരുദ്ധമായ സമീപനം എന്നു മാത്രമല്ല, വര്‍ധിച്ചുവരുന്ന ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ സ്ത്രീ അതിക്രമങ്ങള്‍ക്കു നേരെയുള്ള മുഖം തിരിക്കല്‍ കൂടിയാണ്. 2010ല്‍ നടന്ന ഒരു സംഭവത്തിന് നാല് വര്‍ഷത്തിന് ശേഷം പ്രതിയെ വെള്ളപൂശി കുറ്റവിമുക്തനാക്കിയ നടപടി ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന കാര്യം സാമൂഹിക നീതി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളും സമ്മതിച്ചുകൊടുക്കുമെന്നു തോന്നുന്നില്ല.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാത്‌സംഗം ചെയ്ത് കൊലചെയ്ത പ്രതി ശിക്ഷാര്‍ഹനാണ്. അത് സ്ത്രീകള്‍ക്കെതിരെയുള്ളതാവുമ്പോള്‍ നിയമസാധുത കൂടുകയും ചെയ്യുന്നുണ്ട്. ജീവപര്യന്തത്തില്‍ അവസാനിക്കേണ്ട ഒരു ശിക്ഷയല്ല അത്. എന്നാല്‍ കോടതി കണ്ടെത്തിയത് വിചിത്രമായ മറ്റു ചില ന്യായങ്ങളാണ്. സ്ത്രീ ക്രൂരമായി ബലാത്‌സംഗം ചെയ്യപ്പെട്ട് കൊല ചെയ്തിട്ടും അത് കൊലപാതകത്തിലേക്ക് നയിക്കുമെന്ന് പ്രതി വിചാരിച്ചില്ല എന്നും, കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല എന്നും കോടതി ന്യായങ്ങള്‍ കണ്ടെത്തി. അങ്ങനെ 376-ാം വകുപ്പിന് പകരം 302 വകുപ്പ് ചുമത്തി കുറ്റവിമുക്തനാക്കി. കോടതിയുടെ വിധി പ്രസ്താവത്തിലെ തുടര്‍വാചകങ്ങളാണ് വിവാദം സൃഷ്ടിച്ചത്. അതിങ്ങനെയാണ്: “”കൊല ചെയ്യപ്പെട്ട ഇര 65-നും 70-നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. അഥവാ അവര്‍ ആര്‍ത്തവ കാലം പിന്നിട്ടു. ഇര നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ടാവാം. എന്നാല്‍ ഇതിനെ ബലാത്‌സംഗമായി കണക്കാക്കാനാകില്ല.”” അപ്പോള്‍ ഒരു ചോദ്യം ഏതൊരു വ്യക്തിയുടെയും ഉള്ളില്‍ ഉയര്‍ന്നുവന്നേക്കാം. ഒരു സ്ത്രീയുടെ പ്രായം അവരുടെ കുറ്റമാണോ? ഇനി, 65 വയസ്സിനു മീതെ പ്രായം വരുന്ന സ്ത്രീകളെയെല്ലാം ബലാത്‌സംഗം ചെയ്യാന്‍ അവകാശമുണ്ടെന്നാണോ? പക്ഷേ, ഈ ലളിതമായ ചോദ്യങ്ങള്‍ വിധി പ്രസ്താവിക്കുന്നതിനു മുമ്പ് ജഡ്ജിമാരുടെ ഉള്ളില്‍ എന്തുകൊണ്ടോ വെളിച്ചപ്പെട്ടില്ലെന്നുമാത്രം.
ഈ കേസിലെ വിധിയിലൂടെ ഒരു വിപല്‍ സന്ദേശം കോടതി സമൂഹമധ്യത്തില്‍ ഇട്ടുകൊടുത്തിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു വൃദ്ധ പോലും സാമൂഹികമായി സുരക്ഷിതയല്ലെന്ന സന്ദേശമാണത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന സമൂഹം നല്‍കണമെന്ന കോടതി നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് കോടതിയുടെ ഭാഗത്തുനിന്നു തന്നെ ഇങ്ങനെയൊരു സമീപനം. അങ്ങനെ നോക്കുമ്പോള്‍, ഏറ്റവും ചുരുങ്ങിയത് ഇരട്ട ജീവപര്യന്തമെങ്കിലും കോടതി നല്‍കേണ്ടതായിരുന്നു. 1972ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ മാഥുറ എന്നു പേരുള്ള 16 കാരി പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യത്ത് മാനഭംഗ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് 1983-ലും സ്ത്രീകളെ സംരക്ഷിക്കുന്നതിനായുള്ള പല ഭേദഗതികളും ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ട്. 2012-ലെ വന്‍ വിവാദമായ ഡല്‍ഹി കൂട്ട മാനഭംഗക്കേസ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിനെയും നീതിപീഠത്തെയും പ്രേരിപ്പിക്കുകയുണ്ടായി.
ഒരുപക്ഷേ, ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും അതിന് വലിയ മാറ്റമൊന്നും വന്നുകണ്ടിട്ടില്ല. ഭരണകൂടത്തിന്റെ മൂക്കിനു താഴെ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. മാത്രവുമല്ല, കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി ഇന്ത്യയിലേക്കു വിനോദ സഞ്ചാരത്തിനു വരുന്ന വിദേശ വനിതകള്‍ പോലും സുരക്ഷിതരല്ലെന്നു വന്നിരിക്കുന്നു. പല സ്ത്രീപീഡനങ്ങളും മദ്യപാന ലഹരിയിലാണ് നടക്കുന്നതും. ശാര്‍ദ ബലാത്‌സംഗം ചെയ്യപ്പെട്ട് മരണപ്പെട്ടതും പ്രതി മദ്യപിച്ചതിന്റെ ഒരു ഫലം കൂടിയാണ്. ഇന്ത്യയില്‍ ഓരോ ദിവസവും 93 പേര്‍ മാനഭംഗത്തിനിരയാകുന്നുണ്ട്. ഇത് ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കാണ്. ഇതിനു പുറമെ, വീടുകളിലും കുടുംബങ്ങളിലും പീഡനത്തിന് ഇരയാകുന്നവരുടെ കണക്കെടുത്താല്‍ ശരിക്കും ഞെട്ടിപ്പോവും. 2013-ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ബലാത്‌സംഗങ്ങള്‍ 33,707 ആണ്. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ഡല്‍ഹിയില്‍ മാത്രം പീഡിപ്പിക്കപ്പെട്ടത് 1441 സ്ത്രീകളാണ്. സ്ത്രീകള്‍ സുരക്ഷിതമായി ജീവിക്കുന്ന ഒരിന്ത്യ എന്ന സ്വപ്‌നത്തിന് നീതിപീഠമെങ്കിലും കാവല്‍ നിന്നെങ്കില്‍.!