പേമെന്റ് സീറ്റ് കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി

Posted on: November 15, 2014 12:38 am | Last updated: November 16, 2014 at 12:17 am

തിരുവനന്തപുരം: സി പി ഐയിലെ പേമെന്റ് സീറ്റ് കേസില്‍ വാദം േകള്‍ക്കുന്നത് ലോകായുക്ത ഡിസംബര്‍ ഒന്നിലേക്കു മാറ്റി.
ഇന്നലെ ഉച്ചക്ക് ശേഷം പ്രാദേശിക അവധിയായിരുന്നതിനാലാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്. ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറിയും ഇന്നലെ ഹാജരായിരുന്നില്ല. ഹൈക്കോടതിയിലെ അഭിഭാഷകനായ ജി ഹരികുമാറാണ് അമിക്കസ്‌ക്യൂറി. സി പി ഐ ഓഫീസില്‍ കയറി രേഖകള്‍ പിടിച്ചെടുക്കുന്നത് തല്‍ക്കാലമുണ്ടാകില്ല.
പേമെന്റ് സീറ്റ് വിവാദം അന്വേഷിക്കാനും ഓഫീസ് രേഖകള്‍ പിടിച്ചെടുക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയ ഹരജിയില്‍ തീരുമാനമുണ്ടാകുംവരെ ഇത്തരം നടപടികളുണ്ടാകില്ലെന്ന് കോടതി ഉറപ്പുനല്‍കി.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പിടിച്ചെടുക്കാന്‍ ലോകായുക്തക്ക് അധികാരമില്ലെന്നു കാണിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ പുനഃപ്പരിശോധനാ ഹരജി നല്‍കിയത്.
തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഡോ. ബെനറ്റ് എബ്രഹാമിനെ നിശ്ചയിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചു ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.