നീതി കാട്ടണമെന്ന് വിദ്യാര്‍ഥികള്‍ കുറ്റിയാടി ഗവ. എച്ച് എസ് എസില്‍ ആവശ്യത്തിന് അധ്യാപകരില്ല

Posted on: November 13, 2014 9:21 am | Last updated: November 13, 2014 at 9:21 am

കുറ്റിയാടി: കുറ്റിയാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി 27 ഡിവിഷനുകളും ഓരോ ഡിവിഷനിലും 70ല്‍ ഏറെ കുട്ടികളുമുണ്ട്.
ആവശ്യത്തിന് കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന കാലത്താണ് കുറ്റിയാടി സ്‌കൂളില്‍ ഇങ്ങനെ വിദ്യാര്‍ഥികള്‍ എത്തുന്നത്. എന്നിട്ടും സ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ല. ഈ ആവശ്യം ഉന്നയിച്ച് നിരവധി നിവേദനങ്ങള്‍ വിദ്യാഭ്യാസ മേലധികാരികള്‍ക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പ്രതികരിക്കാത്തതിനാലാണ് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പാര്‍ലിമെന്റ് ചെയര്‍പേഴ്‌സണ്‍ ഷിറിന്‍ ഷഹാന, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, ശമ്മാസ് അബ്ദുല്ല, അനുശ്രീ ബാബു, ആര്യ ശശിധരന്‍, സി കെ നിരഞ്ജന, ഐ ഇര്‍ഫാന്‍ പങ്കെടുത്തു.