സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്കും ദേശീയ അംഗീകാരവും

Posted on: November 13, 2014 12:56 am | Last updated: November 13, 2014 at 12:56 am

തിരൂര്‍: സംസ്ഥാന സി ബി എസ് ഇ അസോസിയേഷന് കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തി വരുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ ഇനി സി ബി എസ് ഇ നേരിട്ട് നടത്തും. ദേശീയ തലത്തിലേക്ക് അടുത്ത വര്‍ഷം മുതല്‍ കലാമേളയെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. മത്സര വിജയികള്‍ക്ക് അര്‍ഹമായ ഗ്രേസ്മാര്‍ക്ക് ലഭിക്കുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകും.
ഇതിനായി വകുപ്പ് തല നീക്കങ്ങള്‍ കേന്ദ്രത്തില്‍ നടന്ന് വരികയാണ്. അടുത്ത വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ സി ബി എസ് ഇ കലോത്സവം നടക്കുന്നതോടെ വിവിധ ഇനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അതത് കലയില്‍ ഗവേഷണ സൗകര്യവും പ്രത്യേക സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തും.
സഹോദയ കലോത്സവങ്ങള്‍ക്കും മറ്റു സോണല്‍ കലോത്സവങ്ങള്‍ക്കും പകരം ഇനി സി ബി എസ് ഇക്ക്കീഴില്‍ ഓരോ ജില്ലാ തലത്തിലുമായിരിക്കും മത്സരം. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ഒരു മത്സരമുണ്ടാകും.