പിരമിഡ് കള്ളന്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവ്‌

Posted on: November 13, 2014 12:48 am | Last updated: November 12, 2014 at 11:50 pm

കൈറോ: ഈജിപ്തിലെ പിരമിഡില്‍ നിന്ന് മോഷണം നടത്തിയ മൂന്ന് ജര്‍മന്‍കാരെയും ആറ് ഈജിപ്തുകാരെയും ഗിസയിലെ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചു. പഠന പ്രവര്‍ത്തനങ്ങളെന്ന പേരില്‍ എത്തിയ മൂന്ന് ജര്‍മന്‍കാരാണ് പിരമിഡില്‍ നിന്ന് കല്ലുകളും പുരാതനമായ ചില വസ്തുക്കളും കടത്തിയത്. ഗിസയിലെ മൂന്ന് പിരമിഡുകളില്‍ വെച്ചേറ്റവും വലുതും പ്രശസ്തവുമായ ക്യോപ്‌സ് പിരമിഡില്‍ നിന്നാണ് മോഷണം നടത്തിയിരുന്നത്. പുരാവസ്തു മന്ത്രാലയത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ആറ് ഈജിപ്തുകാരെയും കോടതി തടവിന് ശിക്ഷിച്ചു. എല്ലാവരെയും അഞ്ച് വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മോഷണത്തിന് സഹായം നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം അവസാനമാണ് മോഷണ വിവരം ഈജിപ്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മോഷണമുതല്‍ പിന്നീട് കണ്ടെടുക്കപ്പെട്ടിരുന്നു.