സത്യത്തില്‍ അതൊരു തോറ്റസമരം തന്നെയായിരുന്നു

Posted on: November 13, 2014 5:30 am | Last updated: November 12, 2014 at 11:04 pm

ചുംബന സമരം കൊച്ചി വിട്ട് ഡല്‍ഹിയിലെത്തിയിരിക്കുന്നു. സദാചാരവാദികളെ ഫലപ്രദമായി നേരിടേണ്ടതിനെക്കുറിച്ചും സമരരീതികളുടെ വൈവിധ്യങ്ങളെക്കുറിച്ചും പുതിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് ഈ പുതുതലമുറാ സമരം.
ഒക്ടോബര്‍ 24നാണ് ചുംബന സമരത്തിന് പശ്ചാത്തലമൊരുക്കിയ സംഭവം നടന്നത്. യുവാക്കള്‍ക്കും യുവതികള്‍ക്കും അനാശാസ്യത്തിലേര്‍പ്പെടാന്‍ അവസരമൊരുക്കുന്നു എന്നാരോപിച്ച് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ റസ്‌റ്റോറന്റ് ഭാരതീയ ജനത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ സംഭവത്തില്‍ പ്രതിഷേധമുള്ളവര്‍ സംഘടിച്ച് ക്വിസ് ഓഫ് ലൗവ് കമ്യൂണിറ്റി എന്ന പേരില്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയുണ്ടാക്കി. അതോടെ, പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്താനും അതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനുമുള്ള മുറവിളി ഉയര്‍ന്നു, പ്രത്യേകിച്ച് സോഷ്യന്‍ മീഡിയയില്‍. സദാചാര പോലീസ് വിളയാട്ടം അവസാനിപ്പിക്കാന്‍ നവംബര്‍ രണ്ടിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ക്വിസ് ഓഫ് ലൗവ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇതിനകം, പത്രങ്ങളും ചാനലുകളും ചുംബന സമരത്തിന് ആവശ്യത്തിലധികം പ്രചാരണവും നല്‍കിക്കഴിഞ്ഞിരുന്നു.
മറൈന്‍ ഡ്രൈവിലെ ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ വന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ അത് തടയാനും കണ്ടാസ്വദിക്കാനും വന്നവരായിരുന്നു. സമരത്തില്‍ പങ്കെടുക്കാനെത്തിയ നൂറോളം യുവതീ യുവാക്കളെ നേരിടാന്‍ ശിവസേന, ബജ്‌റംഗ്ദള്‍, എ.ബി വി പി, കെ എസ്‌യു തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതേദിവസം തന്നെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും നടന്നു ചുംബനസമരം. അടുത്ത ദിവസങ്ങളില്‍ കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ഫാസിസ്റ്റ് സദാചാരവാദികള്‍ക്കെതിരെ പ്രതിഷേധ സമരങ്ങള്‍ നടന്നു.
കൊച്ചിയിലെ ചുംബന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ നടന്ന സമരവും സംഭവ ബഹുലമായി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച വൈകീട്ട് ചുംബന പ്രതിഷേധം ആരംഭിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലേതുള്‍പ്പെടെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇതിനെതിരെ, ഹിന്ദു സേനാ പ്രവര്‍ത്തകര്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടി വന്നു. ഡല്‍ഹിയിലെ ആര്‍ എസ് എസ് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കാനായിരുന്നു സമരക്കാരുടെ പദ്ധതി. എന്നാല്‍ ഇവരെ പരിസരത്തുള്ള മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. ഇതോടെ വിദ്യാര്‍ഥികള്‍ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് തന്നെ പ്രതിഷേധം ആരംഭിച്ചു. പരസ്പരം ചുംബിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. പിന്നീട്, വിദ്യാര്‍ഥികള്‍ ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ നീങ്ങി. ഇവര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി ഹിന്ദുസേനാ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തിയതോടെ രംഗം സംഘര്‍ഷാവസ്ഥയിലായി.
കേരളത്തിലെ പൊതുസമൂഹത്തിന് ചുംബനസമരം കൃത്യമായ രണ്ട് ഒാപ്ഷനുകളാണ് നല്‍കുന്നത്. ഒന്നുകില്‍ നിങ്ങള്‍ക്ക് ചുംബനസമരത്തെ അനുകൂലിക്കാം; അങ്ങനെ സദാചാര പോലീസ് കാപട്യത്തെ ധീരമായി എതിര്‍ക്കുന്നവരുടെ പക്ഷം ചേരാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ സമരത്തെ എതിര്‍ക്കാം; അപ്പോള്‍ നിങ്ങള്‍ സദാചാര പോലീസ് അനുഭാവികളും ഫാസ്റ്റിസ്സ് ഗുണ്ടകളുമാണ്. മൂന്നാമതൊരു ഇടം ഈ വിഷയത്തിലില്ല. ചാനല്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ ക്യാമ്പയ്‌നുകളും ഒരുക്കിയ ഒരു പ്രത്യേക സാഹചര്യമാണിത്. അപ്പോള്‍, ചുംബനസമരത്തില്‍ പങ്കെടുത്തവരും അത് തടയാനെത്തിയവരും അല്ലാത്ത, മഹാഭൂരിപക്ഷം ആളുകള്‍ ഈ വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. ഇവിടെയാണ് ചുംബന സമരം എന്നത് കേരളത്തിന്റെ പൊതു മനഃസാക്ഷി എതിര്‍ക്കുന്ന, വിരലിലെണ്ണാവുന്ന ചില പയ്യന്മാരും യുവതികളും മാത്രം പങ്കെടുത്ത, കേവലം ഒച്ചപ്പാട് മാത്രമായി ഒതുങ്ങിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത്. ചുംബനസമരത്തിന് ലഭിച്ച അനാവശ്യമായ മാധ്യമ കവറേജിനും ഈ വിഷയത്തിലുള്ള പൊതുഅഭിപ്രായ രൂപവത്കരണങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ വസ്തുതയാണിത്.
അത് എത്രത്തോളം ശരിയാണ് എന്നറിയാന്‍ ഈ ലേഖകന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അന്വേഷണം നടത്തി. അവിടെ ചുംബന സമരത്തെ അനുകൂലിച്ച് ഹഗ്ഗിംഗ് സമരം നടത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍, മഹാരാജാസിലെ മഹാഭൂരിപക്ഷം വിദ്യാര്‍ഥികളും ഈ ഹഗ്ഗിംഗ് സമരത്തെ അനുകൂലിച്ചില്ല. മുഴുവന്‍ അധ്യാപകരും ഇത്തരം കോപ്രായങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ‘ഞങ്ങളും ന്യൂജനറേഷന്‍ തന്നെയാണ്. എന്നാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഇത്തരം സമരരീതികളെ ഒരിക്കലും പിന്തുണക്കാനാവില്ല’- മഹാരാജാസിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അനസിന്റെ വാക്കുകള്‍. ‘കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം മാറ്റിയെഴുതിയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ക്യംപസാണിത്. എന്നാല്‍, ചുംബന സമരത്തെ ഒരു സമരമായി കാണാന്‍ പോലും വലിയ പ്രയാസമുണ്ട്’ മറ്റൊരു വിദ്യാര്‍ഥി പറഞ്ഞതിങ്ങനെയാണ്. അപ്പോള്‍, പുതുതലമുറയിലെ തന്നെ ഭൂരിപക്ഷം വിദ്യാര്‍ഥികളും ചുംബനസമരത്തെ എതിര്‍ക്കുന്നവരാണ്.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. ചില വിദ്യാര്‍ഥികള്‍ സംഘടിച്ച് ചുംബന സമരം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടു എന്നതല്ലാതെ ജെ എന്‍ യുവിലെയും ഡല്‍ഹിയിലെ ഇതര ക്യാമ്പസുകളിലെയും ഭൂരിപക്ഷം വിദ്യാര്‍ഥികളും ഈ സമരരീതിയെ അനുകൂലിക്കുന്നില്ല. ജെ എന്‍ യുവിലെ വിദേശ പഠനങ്ങളില്‍ ഗവേഷണം നടത്തുന്ന ഷമീര്‍ പറയുന്നതിങ്ങനെ:’ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ചിലര്‍ മാത്രം പങ്കെടുത്ത സമരമാണിത്. ചില മാധ്യമങ്ങളില്‍ വന്ന കവറേജ് കണ്ടാല്‍ ഡല്‍ഹി മുഴുവന്‍ ചുംബിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നും’.
തീര്‍ച്ചയായും സദാചാര പോലീസ് വിളയാട്ടം അവസാനിപ്പിക്കണം. അതു പക്ഷേ, സാംസ്‌കാരിക ചിഹ്നങ്ങളെയും കേരളീയ പൈതൃകത്തെയും വെല്ലുവിളിക്കാതെയാകട്ടെ. ചുംബനസമരം ചെയ്താല്‍ മാത്രമേ സദാചാര കപടന്മാരെ പ്രതിരോധിക്കാനാകൂ എന്ന രീതിയിലുള്ള നിലപാടുകള്‍ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കും. ഈ സമരത്തിന്റ സംഘാടകര്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. കേരളത്തിന്റെ പൊതു മനഃസാക്ഷിയെ സ്വാധീനിക്കാനും സമരത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞില്ല എന്നിടത്താണ് ചുംബന സമരത്തിന്റെ പരാജയം. ഈ യാഥാര്‍ഥ്യം ഉറക്കെ വിളിച്ചുപറയാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരോ പൊതു വിഷയങ്ങളില്‍ സാധാരണ ഇടപെടുന്നവരോ മുന്നോട്ടുവന്നില്ല എന്നതും ഖേദകരമാണ്.
സംഘ്പരിവാര്‍ സംഘടനകളെ ഒന്നുകൂടി പ്രകോപിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും ഈ ചുംബന സമരത്തിലൂടെ നേടിയെടുക്കാനായിട്ടില്ല. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പൊതുജനങ്ങളെ മാറ്റിയെടുക്കുമ്പോഴും ക്രിയാത്മകമായ ഫലങ്ങള്‍ സൃഷ്ടിക്കുമ്പോഴുമാണ് ഒരു സമരം വിജയിക്കുന്നത്. ഈയര്‍ഥത്തില്‍ ചുംബനസമരം ഒരു പരാജയമായിരുന്നു എന്നു തന്നെ പറയാം.