വീട് വിട്ടിറങ്ങിയ 12കാരിക്ക് പോലീസ് തുണയായി

Posted on: November 12, 2014 9:48 am | Last updated: November 12, 2014 at 9:48 am

വടകര: ബന്ധുവിന്റെ വീട് അന്വേഷിച്ച് മാഹി റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ 12 വയസ്സുകാരിക്ക് ചോമ്പാല്‍ പോലീസ് തുണയായി.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ എത്തിയ പെണ്‍കുട്ടി ഇന്നലെ വൈകീട്ട് മൂന്നേ മുക്കാലോടെയാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. സ്‌കൂള്‍ യൂനിഫോമും ധരിച്ച ബാഗുമായി കുട്ടി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് കണ്ട റെയില്‍വേ അധികൃതരും യാത്രക്കാരും വിവരം ചോമ്പാല പോലീസില്‍ അറിയിക്കുകയായിരുന്നു.
ചോമ്പാല എസ് ഐ ശിവദാസും സംഘവും പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാവും അധ്യാപകരും സ്റ്റേഷനിലെത്തി കുട്ടിയെ തിരികെ കൊണ്ടുപോയി. ഉച്ചഭക്ഷണ സമയത്ത് പുറത്തിറങ്ങി, ബന്ധുവിനെ തേടിയാണ് മാഹിയിലെത്തിയതെന്നാണ് പോലീസിന് കുട്ടി നല്‍കിയ മൊഴി.