റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയുയര്‍ന്നു: മുക്കം ഉപജില്ല മുന്നില്‍

Posted on: November 11, 2014 10:32 am | Last updated: November 11, 2014 at 10:32 am

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളക്ക് തുടക്കമായി. ആദ്യ ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 60 പോയിന്റ് നേടി മുക്കം ഉപജില്ലയാണ് മുന്നില്‍. 30 പോയിന്റോടെ പേരാമ്പ്ര രണ്ടാം സ്ഥാനത്തും 27 പോയിന്റോടെ താമരശ്ശേരി മൂന്നാം സ്ഥാനത്തുമാണ്.
സ്‌കൂള്‍ വിഭാഗത്തില്‍ മുക്കം ഉപജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളാണ് മുന്നില്‍. താമരശ്ശേരി ഉപജില്ലയിലെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളും ബാലുശ്ശേരി ഉപജില്ലയിലെ പൂവമ്പായി ഹൈസ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.
കെ ദാസന്‍ എം എല്‍ എ മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തി. ദ്രോണാചാര്യ ജേതാവ് ഒ എം നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉപഹാരം സമര്‍പ്പിച്ചു. കെ ടി കോയ, വി പി ഇബ്‌റാഹീംകുട്ടി, വയനാടി വിനോദ്, അസീസ് മാസ്റ്റര്‍, യു കെ ചന്ദ്രന്‍, പി വത്സല, കെ ജെ മത്തായി സംസാരിച്ചു. മേള ബുധനാഴ്ച സമാപിക്കും.