കുറ്റിയാടി- തൊട്ടില്‍പ്പാലം റോഡിലെ അപകടങ്ങള്‍ നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍

Posted on: November 11, 2014 10:26 am | Last updated: November 11, 2014 at 10:26 am

കുറ്റിയാടി: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ കുറ്റിയാടി- തൊട്ടില്‍പ്പാലം റോഡിലെ ഓത്യോട്ട് പാലത്തിന് സമീപം ഹമ്പുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ റോഡില്‍ വിവിധ അപകടങ്ങളില്‍ പത്ത് പേരാണ് മരിച്ചത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലുമാണ്. റോഡിന്റെ വീതി കൂട്ടാതെ റബ്ബറൈസ് ചെയ്തതോടെയാണ് അപകടങ്ങള്‍ വര്‍ധിച്ചത്. ഇടുങ്ങിയ റോഡും കയറ്റിറക്കങ്ങളും വളവുകളും അപകടത്തിനിടയാക്കുന്നു. അമിത വേഗതയും നഗ്നമായ ട്രാഫിക് ലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
രണ്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളും ഒരു പള്ളിയും ഒരു ക്ഷേത്രവും ഈ റോഡരികില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ റോഡിന്റെ ഇടത് ഭാഗത്ത് അഞ്ചും വലത് ഭാഗത്ത് മൂന്നും അപ്രോച്ച് റോഡുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ റോഡ് റോഡരികിലൂടെ കാല്‍നടയാത്ര ചെയ്യുന്നത്. എന്നാല്‍ ഈ അപകടമേഖലയില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ റോഡില്‍ ഹമ്പ് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. നിരവധി നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും നടപടികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ പത്തിന് സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും ശ്രീഹരി വിദ്യാപീഠത്തിലെയും കുട്ടികളും നാട്ടുകാരും കുറ്റിയാടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇ
തുസംബന്ധിച്ച് ആയിരക്കണക്കിന് പിഞ്ചുകുട്ടികള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി ഗോപിനാഥന്‍ മാസ്റ്റര്‍, പി ഐ അമ്മത്, എം ഇ റാശിദ്, കെ ഇ ഫൈസല്‍, കെ മനോജ് പങ്കെടുത്തു.