ഗുജറാത്തില്‍ വോട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹം

Posted on: November 11, 2014 5:51 am | Last updated: November 10, 2014 at 11:21 pm

voteeeeeeeeeeeഅഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാക്കി. ഇതു സംബന്ധിച്ച നിയമത്തിന് ഗുജറാത്ത് ഗവര്‍ണര്‍ അംഗീകാരം നല്‍കി. രാജ്യത്ത് വോട്ടിംഗ് നിര്‍ബന്ധമാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. ഗുജറാത്ത് ലോക്കല്‍ അതോറിറ്റി നിയമം 2009, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യല്‍ നിയമപരമായ ബാധ്യതയാക്കുന്നു. അമ്പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 2009ല്‍ തന്നെ ബില്‍ നിയമസഭ പാസ്സാക്കിയിരുന്നുവെങ്കിലും അന്നത്തെ ഗവര്‍ണര്‍ കമലാ ബെനിവാള്‍ ബില്ലില്‍ ഒപ്പ് വെക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമാണ് ഈ ബില്ലെന്നായിരുന്നു അവരുടെ നിലപാട്. 2011ല്‍ ബില്‍ വീണ്ടും പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഒടുവില്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ ഒ പി കോഹ്‌ലി ബില്ലില്‍ ഒപ്പ് വെച്ചിരിക്കുകയാണ്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് തക്കതായ കാരണങ്ങളില്ലാതെ വോട്ടിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ ശിക്ഷാര്‍ഹരായിരിക്കും. നോട്ട ബട്ടണമര്‍ത്തി മുഴുവന്‍ സ്ഥാനാര്‍ഥികളെയും നിഷേധിക്കാന്‍ വോട്ടര്‍ക്ക് അവകാശമുണ്ടായിരിക്കും. മുനിസിപ്പല്‍ കോര്‍പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഗുജറാത്തില്‍ ഒക്‌ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മറ്റ് വഴികളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.