Connect with us

National

തെലങ്കാനക്കും കേന്ദ്ര മന്ത്രിയായി

Published

|

Last Updated

ഹൈദരാബാദ്: ബണ്ഡാരു ദത്തത്രേയയിലൂടെ തെലങ്കാനക്കും കേന്ദ്ര മന്ത്രിയെ ലഭിച്ചു. അവിഭക്ത ആന്ധ്രാ പ്രദേശിലെ ബി ജെ പിയുടെ പ്രധാന നേതാവാണ് അദ്ദേഹം. ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനായി ബി ജെ പിയിലെത്തി. സെക്കന്ദരാബാദില്‍ നിന്ന് നാല് തവണ ലോക്‌സഭയിലെത്തിയ അദ്ദേഹം, വാജ്പയി സര്‍ക്കാറില്‍ നഗര വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, റെയില്‍വേ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
2003 മുതല്‍ 2004 വരെ നഗര വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയായിരുന്നു. 1991 മുതല്‍ 2004 വരെ എം പിയായെങ്കിലും 2004ലും 2009ലും പരാജയപ്പെട്ടു. 1965ല്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന ദത്തത്രേയ, 68 മുതല്‍ 89 വരെ പ്രചാരക് ആയിരുന്നു. ജയപ്രകാശ് നാരായണിന്റെ ലോക് സംഘര്‍ഷ് സമിതിയിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് മിസ പ്രകാരം അറസ്റ്റിലായി. 1980ല്‍ ബി ജെ പിയില്‍ ചേര്‍ന്ന്, ആന്ധ്രയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് അടക്കം വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. 2004ല്‍ തമിഴ്‌നാടിന്റെ പാര്‍ട്ടി ചുമതലയുള്ള ദേശീയ സെക്രട്ടറിയും 2010ല്‍ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. വഴിവാണിഭക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ പ്രക്ഷോഭ രംഗത്തേക്ക് കൊണ്ടുവന്നിരുന്നു. സേവാ ഭാരതി, സംസ്‌കാര ഭാരതി തുടങ്ങിയ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചേരി വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

Latest