2035ഓടെ ഇന്ത്യയില്‍ അര്‍ബുദ മരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം 1.2 ദശലക്ഷമാകും

Posted on: November 9, 2014 11:13 pm | Last updated: November 9, 2014 at 11:13 pm

cancerകൊച്ചി: ക്യാന്‍സര്‍ കെയറിനായി സംസ്ഥാനത്ത് പൊതു സ്വകാര്യമേഖലകളെ ഏകോപിപ്പിച്ച് കണ്‍സോര്‍ഷ്യം രൂപവത്കരിക്കണമെന്നും ദേശീയാടിസ്ഥാനത്തില്‍ ക്യാന്‍സര്‍ രജിസ്ട്രി തയ്യാറാക്കണമെന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര ക്യാന്‍സര്‍ കെയര്‍ കോണ്‍ക്ലേവ് നിര്‍ദേശിച്ചു. പാപ്പിലോമ വൈറസുകള്‍ പരത്തുന്ന ക്യാന്‍സറിനെക്കുറിച്ച് അവബോധം ശക്തമാക്കേണ്ടതുണ്ടെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്ത ലോകപ്രശസ്ത വൈറോളജി വിദഗ്ധനും ഗവേഷകനുമായ ഡോ. റോബര്‍ട്ട് സി ഗലോ പറഞ്ഞു.
ഇന്ത്യയില്‍ ക്യാന്‍സര്‍ ചികിത്സ ഇപ്പോഴും പ്രാകൃത ദിശയിലാണെന്നും സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തിയാല്‍ വലിയൊരളവോളം ക്യാന്‍സറിനെ ഒഴിവാക്കാന്‍ കഴിയുമെന്നും കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സംസാരിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, സി ഇ ഒ ഹരീഷ് പിള്ള, ഫിലാഡെല്‍ഫിയയിലെ തോമസ് ജെഫേഴ്‌സന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനും ആസ്റ്റര്‍ മെഡ്‌സിറ്റി ഓങ്കോളജി സെന്റര്‍ ചെയര്‍മാനുമായ ഡോ. എം വി പിള്ള എന്നിവര്‍ പറഞ്ഞു. 2035 ആകുമ്പോഴേക്കും ഇന്ത്യയില്‍ അര്‍ബുദ മരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം 1.2 ദശലക്ഷമാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കുടുംബ പാരമ്പര്യം, പുകവലി, മദ്യപാനം എന്നിവയുമടക്കമുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാന്‍സര്‍ സാധ്യതയുള്ളവരെ വേര്‍തിരിച്ച് പരിശോധനകള്‍ നടത്തിയാല്‍ പല തരത്തിലുള്ള ക്യാന്‍സറുകള്‍ ഒഴിവാക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള സ്തനാര്‍ബുദം ഇത്തരത്തില്‍ നേരത്തെ തന്നെ തിരിച്ചറിയാനാകും. ക്യാന്‍സര്‍ ബാധിതരില്‍ മൂന്നില്‍ രണ്ടുപേരും സ്വകാര്യ ആശുപത്രികളെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. മൂന്നിലൊന്ന് പേര്‍ പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂന്നില്‍ ഒന്ന് ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ക്യാന്‍സര്‍ കെയര്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാല്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാന്‍ കഴിയൂ. ഒപ്പം രാജ്യത്തെ അര്‍ബുദ രോഗ ബാധിതരുടെ സൂക്ഷ്മ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യാന്‍സര്‍ രജിസ്ട്രി യാഥാര്‍ഥ്യമാക്കാന്‍ ഇനിയും വൈകാന്‍ പാടില്ലെന്നും കോണ്‍ക്ലേവ് വിലയിരുത്തി.
തൊലിപ്പുറത്ത് അരിമ്പാറ ഉണ്ടാക്കുന്ന ഗണത്തില്‍ പെട്ട എട്ട് തരം വൈറസുകള്‍ ക്യാന്‍സര്‍ പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് എച്ച് ഐ വി കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. റോബര്‍ട്ട് ഗലോ വ്യക്തമാക്കി. വായിലും തൊണ്ടയിലും സ്ത്രീപുരുഷ ലൈംഗികാവയവങ്ങളിലും വളരുന്ന ഇത്തരം വൈറസുകള്‍ ശാരീരിക ബന്ധത്തിലൂടെയാണ് പടരുക. വായിലും തൊണ്ടയിലും ലൈംഗികാവയവങ്ങളിലുമാണ് വൈറസ് ബാധ മൂലമുള്ള ക്യാന്‍സറുകള്‍ കാണപ്പെടുന്നത്. ആറ് തരം ക്യാന്‍സര്‍ വൈറസുകളെ ഫലപ്രദമായി ചെറുക്കുന്ന വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ ഈ വാക്‌സിനെതിരെ ഉയരുന്ന എതിര്‍പ്പ് അന്ധവിശ്വാസങ്ങള്‍ മൂലമാണെന്ന് റോബര്‍ട്ട് ഗലോ പറഞ്ഞു. മെഡിക്കല്‍ ഓങ്കോളജിസ്റ്റും മജ്ജമാറ്റിവെക്കല്‍ വിദഗ്ധനും ഗവേഷകനുമായ ഡോ. നീല്‍ ഫ്‌ളോമന്‍ബര്‍ഗും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.