Connect with us

Wayanad

അക്രമ-കൊലപാതക രാഷ്ട്രീയത്തിന് അറുതി വരണം: വി എം സുധീരന്‍

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ജനങ്ങളുടെ ആശയങ്ങള്‍ ജനപക്ഷയാത്ര ഉയര്‍ത്തിപ്പിക്കുന്നതിനാലാണ് സ്വീകരിക്കുന്നതെന്ന് വി എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന യാത്രയായതിനാലാണ് ജനങ്ങള്‍ ജനപക്ഷയാത്രയെ നെഞ്ചിലേറ്റി സ്വീകരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
ബത്തേരി സ്വതന്ത്രമൈതാനിയില്‍ ജനപക്ഷയാത്രക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലിക്കെ ബത്തേരിയുമായി തനിക്ക് സൗഹൃദബന്ധം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണവും വേണം. അതിനാലാണ് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റി പഠിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ചത്. ആറ് സംസ്ഥാനങ്ങളിലും ഇത്തരത്തിലൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കണമെങ്കില്‍ അക്രമകൊലപാതക രാഷ്ട്രീയത്തിന് അറുതി വരണം. ഇത് ജനപക്ഷയാത്രയുടെ മുദ്രാവാക്യമാണ്. വന്യമൃഗ ആക്രമണത്തിന് അറുതി വരുത്താന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുകയാണ്. വയനാട്ടില്‍ കണ്ടുവരുന്ന അരിവാള്‍ രോഗം ചികിത്സിക്കുന്നതിന് ആദിവാസികള്‍ക്കൊപ്പം മറ്റ് സമുദായക്കാര്‍ക്കും സര്‍ക്കാര്‍ ചിലവില്‍ ചികിത്സ, ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടുവരികയാണ്. ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നമ്മുടെ പിന്മാഗികളായ ദേശീയ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ജന ഐക്യം നിലനിര്‍ത്തണം. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ വര്‍ഗീയതയെ ആളിപ്പടര്‍ത്തി മതേതരത്വമൂല്യത്തെ കശാപ്പുചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ശക്തമായ മദ്യവര്‍ജ്ജനയം നടപ്പിലാക്കും. ഇതിനെതിരെ ബാറുടമകളില്‍ നിന്നും മദ്യലോബികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് കെ പി സി സിയും സര്‍ക്കാരും ഏറ്റുവാങ്ങുന്നത്. ഇന്ന് കേരളത്തില്‍ പുകയില ഉല്പന്നങ്ങളും മയക്കുമരുന്നുകളും ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും ഭാഗവാക്കാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്നുണ്ടാവേണ്ടതുണ്ട്. മഹാത്മജി കാണിച്ചുതന്ന മാതൃക കൈപ്പറ്റാന്‍ നമുക്ക് സാധിക്കണം. രാഷ്ട്രീയം ജനനന്മക്കും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനുമാവണം ഉപയോഗിക്കേണ്ടത്. അതിന് രാഷ്ട്രീയത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 11.30 മുതല്‍ ചുട്ടുപൊള്ളുന്ന വെയിലിനെ തൃണവത്ക്കരിച്ചുകൊണ്ട് ജനനായകനെ ഒരുനോക്ക് കാണാനും ആശിര്‍വാദം ഏറ്റുവാങ്ങാനുമായി വന്‍ജനക്കൂട്ടമാണ് സ്വതന്ത്രമൈതാനിയിലും പരിസരത്തും കൂടി നിന്നത്. ബത്തേരി അസംപ്ഷന്‍ ജംങ്ഷനില്‍ നിന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് സ്വീകരണവേദിയായ സ്വതന്ത്രമൈതാനിയിലേക്ക് കെ പി സി സിയുടെ അധ്യക്ഷനെ ആനയിച്ചത്. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ഭാരവാഹികളായ എം വിന്‍സെന്റ്, രഘുറാം, എം ലിജു, എം പി ജാക്‌സണ്‍, അഡ്വ. കെ ജയന്ത്, സക്കീര്‍ ഹുസൈന്‍, ബാബു പ്രസാദ്, ലതികാ സുഭാഷ്, മാത്യുപുളിനാടന്‍, സതീശന്‍ പാച്ചേനി, ഡോ. ശുരനാട് രാജശേഖരന്‍, ജോണ്‍സണ്‍ എബ്രഹാം, വി എ നാരായണന്‍, ലാലി വിന്‍സെന്റ്, എം എസ് വിശ്വനാഥന്‍, കെ കെ അബ്രഹാം, അഡ്വ. ബിന്ദുകൃഷ്ണ, എം പി എം ഐ ഷാനവാസ്, മന്ത്രി പി കെ ജയലക്ഷ്മി, കെ കെ രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി ടി വര്‍ഗീസ്, പി വി ബാലചന്ദ്രന്‍, പ്രഫ. കെ പി തോമസ്, പി ടി ഗോപാലക്കുറുപ്പ്, എന്‍ ഡി അപ്പച്ചന്‍, ഒ എം ജോര്‍ജ്, ഡി പി രാജശേഖന്‍, ആര്‍ പി ശിവദാസ്, കെ കെ വിശ്വനാഥന്‍, എന്‍ എം വിജയന്‍, ബാബു പഴുപ്പത്തൂര്‍, ടി ജെ ജോസഫ്, എ എസ് വിജയ, പി എം തോമസ്, ദാമോധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.