ക്വട്ടേഷന്‍ ആക്രമണം: ഒന്‍പത് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: November 7, 2014 12:13 am | Last updated: November 7, 2014 at 10:15 am

കോഴിക്കോട്: കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരികെ കിട്ടാനായി പട്ടാപ്പകല്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയ ഒന്‍പത് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ജഡ്ജി രമാഭായ് ആണ് പ്രതികളെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഒന്‍പത് പ്രതികളെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനു കഴിഞ്ഞ ദിവസം പോലീസ് അപേക്ഷ നല്‍കിയിരുന്നു. 

ക്വട്ടേഷന്‍ സഹോദരങ്ങളെന്ന് അറിയപ്പെടുന്ന ആയുര്‍മന പി എം നിസാര്‍, ആയുര്‍മന പി എം നവാസ്, മുഹമ്മദ് ഷെഹിന്‍, ഷമീര്‍ ബാബു, ജാസിര്‍ എന്ന ജാനു, ഫാഹിം അഹമ്മദ്, ഹനീഫ എന്ന ഫാറൂഖ്, ഫവാസ്, നൗല്‍ ഖാദര്‍ എന്നിവരെയാണ് കസബ സി ഐ ബാബു പെരിങ്ങത്ത് കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരെ ഇന്ന് വൈകുന്നേരം ആറിന് മുമ്പ് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണു ക്വട്ടേഷന്‍ സംഘം മാരകായുധങ്ങളുമായി കാറിലെത്തി അരമണിക്കൂറോളം കോഴിക്കോട് നഗരത്തില്‍ അക്രമം അഴിച്ചുവിട്ടത്. ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ നിന്നു ഫാത്തിമ ഷേഹ (19) എന്ന പെണ്‍കുട്ടിയെ കാണാതായെന്ന് ചെമ്മങ്ങാട് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ബന്ധുക്കള്‍ പരാതി നല്‍കിയതറിഞ്ഞ് പെണ്‍കുട്ടി കാമുകനായ ഷബീബി (24) നൊപ്പം കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെയായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമം.