Connect with us

International

ഒബാമയ്ക്ക് തിരിച്ചടി: സെനറ്റ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക് ഒബാമക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും വന്‍ തിരിച്ചടി. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പായി കണക്കാക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിനു ശേഷം പ്രതിപക്ഷമായ റിപ്പബ്ലിക്കുകള്‍ വിജയം കണ്ടു, ഇതോടെ കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കുകളുടെ കൈവശമായി. നൂറംഗ സെനറ്റിലെ 52 സീറ്റുകള്‍ റിപ്പബ്ലിക്കുകള്‍ നേടിയതോടെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷം നഷ്ടമായി. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ.
മിച്ച് മക് കൊണല്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവാകും. കൊളറാഡോ, മൊണ്ടാന, നോര്‍ത്ത് കരോലിന, സൗത്ത് ഡക്കോട്ട, വെസ്റ്റ് വെര്‍ജീന എന്നിവിടങ്ങളിലെല്ലാം റിപ്പബ്ലിക്കുകള്‍ ഭൂരിപക്ഷം നേടിയപ്പോള്‍ അലബാമ, ജോര്‍ജിയ, മിസിസിപ്പി, നെബ്രാസ്‌ക, ഒക്കലഹോമ, സൗത്ത് കരോലിന, ടെന്നിസ് എന്നീ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 52 സീറ്റുകളാണുള്ളത്.
പാര്‍ലിമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 36 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 46 എണ്ണത്തിലെ നിയമസഭയിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കും വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള ചില പ്രധാന നഗരങ്ങളിലെ മേയര്‍ സ്ഥാനത്തേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു. ജനപ്രതിനിധി സഭയില്‍ 243 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ഡെമോക്രാറ്റിക്കിന് 175 സീറ്റുകളും.
ഗവര്‍ണര്‍മാരുടെ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കുകാര്‍ ഭൂരിപക്ഷം നിലനിര്‍ത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളായ റിക് സ്‌കോട്ട് , സ്‌കോട്ട് വാള്‍ക്കര്‍ എന്നിവര്‍ യഥാക്രമം ഫ്‌ളോറിഡ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ നിന്ന് വിജയിച്ചു. ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിലനിര്‍ത്താന്‍ ശ്രമിച്ച ന്യു ഹാംപ്ഷയറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയക്കൊടി നാട്ടി.
പ്രസിഡന്റ് സ്ഥാനത്തിന് ചലനമൊന്നുമുണ്ടാക്കില്ലെങ്കിലും ബരാക് ഒബാമയുടെ പ്രതിച്ഛായ കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. യു എസ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ നയതീരുമാനങ്ങള്‍ പാസാക്കാനാകാതെ വരും. തിരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ തിരിച്ചടി നേരിടുമെന്ന് സര്‍വേ ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു.

Latest