സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പ വെട്ടിക്കുറച്ചു

Posted on: November 5, 2014 1:06 am | Last updated: November 5, 2014 at 1:06 am

കല്‍പ്പറ്റ: പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഇനത്തില്‍ കോടികള്‍ വെട്ടിക്കുറച്ചു. സഹകരണ ബേങ്കുകളുടെ നിലപാട് മുതലെടുത്ത് സ്വകാര്യ ബേങ്കുകള്‍ വ്യാപകമായി കാര്‍ഷികവായ്പകള്‍ നല്‍കിയതായി രേഖകള്‍.

അതേസമയം സഹകരണബേങ്കുകള്‍ കാര്‍ഷികേതര വായ്പയുടെ ശതമാനം കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 2005 മുതല്‍ ഇക്കാലയളവ് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് കാര്‍ഷിക വായ്പവെട്ടിക്കുറച്ചുകൊണ്ട് സഹകരണബാങ്കുകള്‍ കാര്‍ഷികേതര വായ്പ ഉദാരമാക്കിയതായുള്ള കണ്ടെത്തല്‍.
ഓരോവര്‍ഷത്തെയും ബാങ്ക് നിക്ഷേപ തുകയുടെ 40ശതമാനം വരെ കാര്‍ഷിക വായ്പ നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍ സഹകരണ ബാങ്കുകള്‍ പത്ത് വര്‍ഷത്തിനിടെ ഇത് നഗ്‌നമായി ലംഘിച്ചതായാണ് കണക്കുകള്‍ പറയുന്നത്. അതേസമയം സ്വകാര്യബാങ്കുകള്‍ കാര്‍ഷികവായ്പ കുത്തനെകൂട്ടിയിരിക്കുകയാണ്. 2005, 2006 സാമ്പത്തിക വര്‍ഷം സ്വകാര്യ ബാങ്കുകള്‍ 1908 കോടി രൂപ കാര്‍ഷിക വായ്പ നല്‍കിയപ്പോള്‍ സഹകരണ ബാങ്കുകള്‍ 659 കോടി രൂപയാണ് വായ്പ നല്‍കിയത്. സഹകരണ ബാങ്കുകളിലെ നിക്ഷേപമാകട്ടെ 2277 കോടിയും. അതായത് 29 ശതമാനം. 2013, 2014 വര്‍ഷമാകട്ടെ സഹകരണ ബാങ്കുകള്‍ കാര്‍ഷികവായ്പ 11 ശതമാനമാക്കി വെട്ടിക്കുറച്ചു.
40229 കോടി രൂപ നിക്ഷേപമുണ്ടായപ്പോഴാണ് 4433 കോടിരൂപമാത്രം 201314 വര്‍ഷം വായ്പനല്‍കിയത്. ഇക്കാലയളവിലാകട്ടെ സ്വകാര്യ ബാങ്കുകള്‍ 58 ശതമാനം കാര്‍ഷിക വായ്പ നല്‍കി. അതേസമയം സഹകരണ ബാങ്കുകള്‍ കാര്‍ഷികേതര വായ്പകള്‍ ഉദാരമായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു. 201314 വര്‍ഷത്തില്‍ മാത്രം സഹകരണബാങ്കുകള്‍ 60 ശതമാനം കാര്‍ഷികേതര വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ആര്‍ ബി ഐ നിര്‍ദേശം ലംഘിച്ച് സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ വെട്ടിക്കുറച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ഉണ്ടാട്ടില്ല.