യുവാക്കളുടെ മരണം: കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു

Posted on: November 5, 2014 10:40 pm | Last updated: November 5, 2014 at 11:01 pm

kashmir protestശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബദ്ഗാം ജില്ലയില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തം. ശ്രീനഗറിലെ മിക്ക പ്രദേശങ്ങളിലും രണ്ടാം ദിവസവും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇരു വിഭാഗം ഹുര്‍റിയതുകളും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ഷോപ്പുകളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ തെരുവിലിറങ്ങിയില്ല. ഇതോടെ താഴ്‌വാരയിലെ മിക്ക ജില്ലകളിലും ജനജീവിതം തടസ്സപ്പെട്ടു.
പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവാക്കളുടെ മരണത്തില്‍ സൈന്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബദ്ഗാമിലെ ചത്തേര്‍ഗാം ഗ്രാമത്തില്‍ നാല് യുവാക്കള്‍ സഞ്ചരിച്ച കാറിന് നേരെ 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഫൈസല്‍ യൂസുഫ് ഭട്ട്, മിഹ്‌റാജുദ്ദീന്‍ ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശാക്കിര്‍ ഭട്ട്, സാഹിദ് നഖാഷ് എന്നിവര്‍ക്ക് പരുക്കേറ്റു. നൗഗാം സ്വദേശികളാണ് ഇവര്‍. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയതിനാണ് വെടിവെച്ചതെന്ന് സൈന്യം അറിയിച്ചു. നൗഗാം- പുല്‍വാമ റോഡിലൂടെ വെള്ള മാരുതി കാറില്‍ തീവ്രവാദികള്‍ കടന്നുപോകുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അഞ്ച് മണിയോടെ എത്തിയ മാരുതി കാര്‍ മൂന്ന് ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് വെടിവെച്ചത്. യുവാക്കള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് ശ്രീനഗര്‍ എസ് എസ് പി അമിത് കുമാര്‍ അറിയിച്ചു.