തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടില്‍ പുതിയ നിയന്ത്രണം; വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും

Posted on: November 4, 2014 2:08 am | Last updated: November 4, 2014 at 12:08 am

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്അനുവദിക്കുന്ന ഫണ്ടില്‍ പുതിയ നിയന്ത്രണം വരുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. പുതിയ രീതി നിലവില്‍ വരുന്നതോടെ പണം ലഭ്യമാകാനുള്ള കാലതാമസം കാരണം കരാറുകാര്‍ പണികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഓരോ സാമ്പത്തിക വര്‍ഷവും ബജറ്റില്‍ വകയിരുത്തുന്ന തുക ഗഡുക്കളായി നല്‍കുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍ നിയന്ത്രണം വന്നതോടെ ട്രഷറിയില്‍ ബില്ലു സമര്‍പ്പിക്കുന്ന മുറക്ക് പണം നല്‍കാനാണ് ഇപ്പോള്‍ ധനവകുപ്പിന്റെ തീരുമാനം.പതിനാല് ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും അഞ്ച് കോര്‍പ്പറേഷനുകളും 60 നഗരസഭകളും 978 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പടെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. പുതിയ നിയന്ത്രണം വരുന്നതോടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ സര്‍ക്കാര്‍ അക്കൗണ്ടില്‍ തന്നെ പ്ലാന്‍ഫണ്ട് എന്ന പേരിലാണ് സ്വീകരിച്ചിരുന്നത്.
ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ 2006 മുതലാണ് അലോട്ട്‌മെന്റ് രീതിയിലാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് പണം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ നിയന്ത്രണം വരുന്നതോടെ പണം ലഭിക്കാന്‍ കാലതാമസം വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 15 ലക്ഷം രൂപ വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഗണഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ നടത്താന്‍ കഴിയും. പണി പൂര്‍ത്തിയാക്കുന്ന മുറക്ക് നിലവില്‍ പണവും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് പണം ലഭ്യമാകാന്‍ വൈകുന്നതോടെ ഇത്തരം പ്രവൃത്തികളെയും ഇത് ബാധിച്ചേക്കും. അലോട്ട്‌മെന്റ് സമ്പ്രദായത്തില്‍ പണം നല്‍കുമ്പോള്‍ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തുക ചെലവഴിക്കാറില്ല.
ഇത്തരത്തില്‍ കോടികളാണ് ഓരോ സാമ്പത്തിക വര്‍ഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ അവശേഷിക്കുന്നത്. ഇത് സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തുന്നത്. ഇതിന് പരിഹാരമായാണ് പുതിയ സമ്പ്രദായം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.