Connect with us

Kozhikode

വര്‍ഗീയ ഫാസിസത്തിന് താക്കീതായി യൂത്ത് കോണ്‍ഗ്രസ് സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: ജനാധിപത്യ-മതേതര മൂല്യങ്ങളെ ചവിട്ടിമെതിച്ച് വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കുന്ന രാഷ്ട്രീയ ഫാസിസത്തിനെതിരെ ശക്തമായ താക്കീതായി യൂത്ത് കോണ്‍ഗ്രസ് സെമിനാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ “വര്‍ഗീയ ഫാസിസം; സമകാലിക രാഷ്ട്രീയത്തില്‍” വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സംവാദം കൊണ്ട് ശ്രദ്ധേയമായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയെ ചെറുക്കാന്‍ ജനാധിപത്യ-മതേതര കക്ഷികള്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുരളീധരന്‍ പറഞ്ഞു. ആര്‍ എസ് എസിന്റെയും വി എച്ച് പിയുടെയും നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനാധിപത്യ മര്യാദകള്‍ പരസ്യമായി ലംഘിക്കുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കോക്കസുമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അന്ധമായ രാഷ്ട്രീയവൈരം മറന്ന് ഏവരും ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസ്റ്റ് കക്ഷികളില്‍ നിന്നുള്ള മോചനം സാധ്യമാകൂ. താനിരുന്ന കസേരയില്‍ മുമ്പ് അവരോധിതയായ, രാജ്യത്തിന് വേണ്ടി അതിദാരുണമായി കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മോദി തയ്യാറായില്ല. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും തുടച്ചുനീക്കാനുള്ള ദുഷ്ടബുദ്ധിയാണ് മോദിയും സര്‍ക്കാറും ഇതിലൂടെ പ്രകടമാക്കിയിരിക്കുന്നത്. 125 ദിവസത്തെ മോദിയുടെ ഭരണനേട്ടങ്ങള്‍ എന്ന അവകാശവാദമുന്നയിക്കുമ്പോള്‍ അതില്‍ 40 ദിവസവും പ്രധാനമന്ത്രി വിദേശത്തായിരുന്നവെന്നത് മറക്കരുത്. പാര്‍ലിമെന്റ് സമ്മേളിച്ച രണ്ടാഴ്ചയില്‍ ഒരാഴ്ച മോദി സഭയില്‍ എത്തിയതുമില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സദാചാര പോലീസിനെയും സദാചാര ഗുണ്ടായിസത്തെയും സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ അധിനിവേശത്തെ ചെറുക്കുന്നതിന് യുവജനസംഘടനകള്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഇന്ന് യുവതലമുറയില്‍ വര്‍ഗീയതയുടെ അംശം വര്‍ധിപ്പിക്കാന്‍ ദേശീയ ഭരണകൂടം തന്നെ സ്വാധീനം ചെലുത്തുന്ന സാഹചര്യമാണുള്ളത്. വര്‍ഗീയവത്കരിക്കപ്പെട്ട, അരാഷ്ട്രീയവത്കരണത്തിന് വിധേയമായ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്ന അജന്‍ഡയുമായി ഒരു വിഭാഗം മുന്നോട്ട് പോകുമ്പോള്‍ അതിനെ ചെറുക്കേണ്ടതുണ്ട്. സംസ്‌കാരവും സാമൂഹിക ചുറ്റുപാടുകളും പുനര്‍നിര്‍ണയിക്കപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
ഫാസിസമെന്നത് ഒരു മാനസികാവസ്ഥയാണെന്നും അതിനെ ഉപയോഗപ്പെടുത്തുന്നവര്‍ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടുപിടിച്ച് വിദ്വേഷം വളര്‍ത്തുകയാണെന്നും എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ അഭിപ്രായപ്പെട്ടു. ഇന്ത്യയെ മതേതരത്വത്തില്‍ ഉറച്ചുനില്‍പ്പിച്ചതിന്റെ ആദ്യ ബഹുമതിക്ക് അര്‍ഹനായ നെഹ്‌റുവിനോട് എന്‍ ഡി എക്ക് വിരോധം തോന്നുന്നത് സ്വാഭാവികമാണ്. വര്‍ഗീയ ശക്തികള്‍ വളര്‍ച്ച പ്രാപിക്കുന്നത് മതേതരത്വ ശക്തികളുടെ വീഴ്ച കൊണ്ടാണ്. അരാഷ്ട്രീയവാദത്തെ എതിര്‍ക്കാന്‍ തുനിയുന്നവര്‍ ആ ഭൂമികയെപ്പറ്റി വിശകലനം ചെയ്ത് പഠിക്കാന്‍ തയ്യാറാകണം. ജനാധിപത്യം പുറത്തും സംഘടനക്ക് അകത്തും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമാണ് രാഷ്ട്രീയമെങ്കില്‍ ഞങ്ങള്‍ അരാഷ്ട്രീയവാദികളാണെന്ന് പറയുന്നവരാണ് ഇന്നത്തെ തലമുറയില്‍ നല്ലൊരു ശതമാനവുമെന്ന് സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അവരെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ച് സ്വീകരിക്കേണ്ട ബാധ്യത മുതിര്‍ന്നവര്‍ക്കാണ്. സദാചാര പോലീസ് ചമഞ്ഞ് നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്നുവെന്നും ചുംബനസമരത്തിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും സിവിക് കൂട്ടിച്ചേര്‍ത്തു.
നവഫാസിസത്തിന്റെ വക്താവായി നരേന്ദ്ര മോദി മാറിയിരിക്കുകയാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനകീയ ചര്‍ച്ചകള്‍ നടത്തേണ്ട പാര്‍ലിമെന്റിനെ ഒരു ആരാധനാലയമാക്കി മാറ്റി അവിടെ ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്നും എന്നെ നമസ്‌കരിക്കണമെന്നും പറയാതെ പറയുകയാണ് മോദി ചെയ്യുന്നതെന്നും കെ ഇ എന്‍ കൂട്ടിച്ചേര്‍ത്തു.
കെ പി സി സി സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ ജയന്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇഫ്ത്തിഖാറുദ്ദീന്‍, എം പി ആദം മുല്‍സി, അനീഷ് വരിക്കണ്ണാമല, ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പി പി നൗഷിര്‍ പ്രസംഗിച്ചു.