Connect with us

Kerala

അഞ്ച് തീര്‍ഥാടക കേന്ദ്രങ്ങളില്‍ ടൂറിസം പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു. സംസ്ഥാനത്തെ അഞ്ച് തീര്‍ഥാടന കേന്ദ്രങ്ങളിലാണ് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നത്. പദ്ധതിക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും. തിരിക്കേറിയതും അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യമായതുമായ തീര്‍ഥാടന കേന്ദ്രങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍, ചേരമാന്‍ ജുമാ മസ്ജിദ്, മലയാറ്റൂര്‍ പള്ളി എന്നിവിടങ്ങളാണ് പട്ടികയിലുള്ളത്.
സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ഇവിടെ താമസ സൗകര്യം ശൗചാലയങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാന് ടൂറിസം വകുപ്പ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇവിടെയെത്തുന്ന തീര്‍ഥാടകരുടെ തിരക്കനുസരിച്ച് പര്യാപ്തമായ സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതും പോരായ്മയാണെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിലവാരം മെച്ചപ്പോടുത്താന്‍ തീരുമാനമായത്.
പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച ് നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം. 2.90 കോടി രൂപയാണ് പദ്ധതിക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിക്കാനാകും. ടൂറിസം വകുപ്പിലെ ആസൂത്രണ വിഭാഗം ഇതു സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും.
തീര്‍ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത് ഇതാദ്യമായല്ല. ബീമാപ്പള്ളിയിലെ ദര്‍ഗ ശരീഫിലെത്തുന്ന തീര്‍ഥാടകര്‍ക്കായി അമെനിറ്റി സെന്റര്‍, ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തായി ഒരു വിശ്രമ മണ്ഡപം, വര്‍ക്കല പാപനാശം കടലോരത്ത് ബലി മണ്ഡപം എന്നിങ്ങനെ തീര്‍ഥാടകര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് നിയന്ത്രിക്കാനാകാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ പെരുന്നാളെന്നറിയപ്പെടുന്ന മലയാറ്റൂര്‍ പെരുന്നാളിന് മലയാറ്റൂര്‍ പള്ളിയില്‍ വന്‍ തിരിക്കാണ് അനുഭവപ്പെടാറുള്ളത്. ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമാണ്. ഏത് സീസണിലും തിരക്കൊഴിയാത്ത ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവും. ഇത് പരിഗണിച്ചാണ് ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ടൂറിസം അധികൃതര്‍ തീരുമാനിച്ചത്.

Latest