റോഡരിക് കയ്യടക്കി വാഹനങ്ങള്‍ വൈലത്തൂരില്‍ കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം

Posted on: November 1, 2014 12:27 pm | Last updated: November 1, 2014 at 12:27 pm

കല്‍പകഞ്ചേരി: വൈലത്തൂര്‍ ടൗണില്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം.
റോഡിന്റെ ഇരു വശങ്ങളിലുമുള്ള വാഹന പാര്‍ക്കിംഗ് മൂലം നഗരത്തിലെ പല ഭാഗങ്ങളിലും അരിക് ചേര്‍ന്ന് നടക്കാന്‍ സാധിക്കാത്തതിനാല്‍ റോഡിലേക്ക് കയറിയുള്ള കാല്‍നട യാത്രക്കാരുടെ നടത്തം ഗതാഗത കുരുക്ക് നിത്യ സംഭവമായ ഇവിടെ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ്. ഇതിന് പുറമെ ഫുട് പാത്തിലെ സ്ലാബുകള്‍ തകര്‍ന്നും ഇളകിയാടിയും കിടക്കുന്നതിനാല്‍ ഇതിലൂടെയുള്ള കാല്‍നട യാത്രക്കാരുടെ സഞ്ചാരവും സുരക്ഷയില്ലാത്തതാണ്. പോലീസ് അനുവദിച്ച വാഹന സ്റ്റാന്റുകള്‍ക്ക് പുറമെ അനധിക്യതമായാണ് വാഹനങ്ങള്‍ റോഡിന്റ് ഇരു ഭാഗങ്ങളിലും നിര്‍ത്തിയിടുന്നത്. ഇത്തരത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കൂടുതലും ബൈക്കുകളാണ്.
താനൂര്‍ റോഡ് ജംഗ്ഷന്‍ സമീപത്ത് വാഹന പാര്‍ക്കിംഗിനാല്‍ ഈ ഭാഗത്തുള്ള സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുന്നത് റോഡിലേക്ക് കയറ്റിയാണ്. ഗതാഗത നിയന്ത്രണത്തിന്‍ ഹോംഗാര്‍ഡിന്റ് സേവനമുണ്ടെങ്കിലും റോഡരികിലെ വാഹന പാര്‍ക്കിംഗ് തടയാന്‍ നടപടിയില്ല.