Connect with us

Malappuram

ചെറുകിട വ്യാപാരികള്‍ പുറത്തേക്ക്; സിമന്റിന് വില കൂടും

Published

|

Last Updated

മലപ്പുറം: സിമന്റ് വിതരണത്തില്‍ നിന്ന് ചെറുകിട അംഗീകൃത ഡീലര്‍മാരെ ഒഴിവാക്കി വിതരണം വന്‍കിട ഡീലര്‍മാര്‍ക്ക് നല്‍കാനുള്ള മലബാര്‍ സിമന്റ്‌സിന്റെ നടപടി സിമന്റ് വില വര്‍ധനക്ക് കാരണമായേക്കും.

ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് ചെറുകിട വ്യാപാരികള്‍ക്ക് വിനയാകുന്നത്. ഇതോടെ സിമന്റ് വിതരണം ജില്ലകളില്‍ രണ്ടോ മൂന്നോ വ്യാപാരികള്‍ക്ക് മാത്രമായുള്ള കുത്തകയാകും. മാസം ആയിരം ചാക്ക് സിമന്റിന് താഴെയെടുക്കുന്ന ഡീലര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനമാണ് പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് കൈക്കൊണ്ടിട്ടുള്ളത്. ആയിരം ചാക്ക് സിമന്റ് എടുക്കാത്ത ഡീലര്‍മാരെ ഒഴിവാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മാത്രമല്ല, 25 ലോഡിന് ( 5000 ചാക്ക്) താഴെ വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് അധിക വില നല്‍കേണ്ടിയും വരുന്നുണ്ട്. ഒരു ചാക്കിന് 16 രൂപയാണ് ഇത്തരത്തില്‍ ചെറുകിട വ്യാപാരികള്‍ വന്‍കിട വ്യാപാരികളെക്കാള്‍ അധികം നല്‍കേണ്ടി വരുന്നത്. ഇതോടെ ചെറുകിട സിമന്റ് വ്യാപാരികള്‍ ഇല്ലാതാകുന്നതിനും വന്‍കിട വ്യാപാരികള്‍ക്ക് അമിത വിലക്ക് സിമന്റ് വില്‍പ്പന നടത്തുന്നതിനും കളമൊരുങ്ങും.
ഇതോടെ മലബാര്‍ സിമന്റിന്റെ വില വര്‍ധിക്കുകയും തത്ഫലമായി അന്യ സംസ്ഥാനങ്ങളിലെ സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിനും കാരണമായേക്കും. നിലവില്‍ വന്‍കിട വ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും 50, 000 രൂപയാണ് സെക്യൂരിറ്റിയായി കമ്പനി ഈടാക്കുന്നത്. എന്നാല്‍ ചെറുകിട വ്യാപാരികള്‍ക്ക് കൂടിയ വിലക്കും വന്‍കിട വ്യാപാരികള്‍ക്ക് കുറഞ്ഞ വിലക്കും സിമന്റ് നല്‍കുന്നതോടെ വിതരണം തന്നെ പ്രതിസന്ധിയിലാകാനാണ് സാധ്യത. അതെ സമയം ആവശ്യപ്പെടുന്ന ഡീലര്‍മാര്‍ക്ക് സിമന്റ് നല്‍കാത്ത സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. ജില്ലകളിലെ സെയില്‍സ് ഓഫീസുകളില്‍ നിന്ന് ചെറുകിട ഡീലര്‍മാര്‍ക്ക് സുഗമമായി സിമന്റ് വിതരണം നടക്കുന്നില്ല. ഡി ഡി യെടുത്ത് സിമന്റ് നിയമപ്രകാരം ആവശ്യപ്പെട്ടാലും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയാണെന്നാണ് പരാതി.
മലബാര്‍ സിമന്റ്‌സില്‍ വിചിത്ര നിയമം

 

 

Latest