Connect with us

National

കല്‍ക്കരിപ്പാട വിതരണം നിയമവിരുദ്ധം: സുപ്രീം കോടതി

Published

|

Last Updated

supreme court

ന്യൂഡല്‍ഹി: 1993 മുതല്‍ 2009 വരെ നടന്ന മുഴുവന്‍ കല്‍ക്കരിപ്പാട വിതരണവും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. കല്‍ക്കരി പാടം അനുവദിച്ചത് ഏകപക്ഷീയമായ നടപടിക്രമങ്ങളിലൂടെയും സുതാര്യതയില്ലാതെയുമാണെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിധിച്ചു.
എന്‍ ഡി എ, യു പി എ സര്‍ക്കാറുകള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും ഒട്ടും സൂക്ഷ്മതയില്ലാതെയുമാണ് പാടങ്ങള്‍ വിതരണം ചെയ്തതെന്നും ബഞ്ച് നിരീക്ഷിച്ചു. 218 കല്‍ക്കരി പാടങ്ങളില്‍ ഖനനത്തിനായി നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികളിലാണ് ബഞ്ചിന്റെ നിരീക്ഷണം.
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ കല്‍ക്കരിപ്പാടം അനുവദിച്ചത് ഉടനടി റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ഈ കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ വിതരണം ചെയ്യാന്‍ എന്ത് വേണമെന്ന് തീരുമാനിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചു. ഇത് ഒരു നിര്‍ദേശം മാത്രമാണെന്നും ഇതിലും മെച്ചപ്പെട്ട സംവിധാനമുണ്ടെങ്കില്‍ അത് പരിഗണിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.
കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ വിതരണം നടത്താന്‍ സമിതി രൂപവത്കരിക്കുന്ന കാര്യവും അത് എങ്ങനെ ചെയ്യണമെന്നും പരിഗണിക്കാന്‍ കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ സെപ്തംബര്‍ ഒന്നിന് നടത്തുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
218 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ പൊതു നന്മയും പൊതുതാത്പര്യവും വലിയ തോതില്‍ ഹനിക്കപ്പെട്ടു. ഇത് അത്യന്തം ഗുരുതരമാണ്. സ്‌ക്രീനിംഗ് കമ്മിറ്റി വഴിയും സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിക്കല്‍ സംവിധാനം വഴിയും നടത്തിയ കല്‍ക്കരിപാട വിതരണങ്ങള്‍ ഒരു പോലെ നിയമവിരുദ്ധമാണ്. സ്‌ക്രീനിംഗ് കമ്മിറ്റി ലൈസന്‍സ് അനുവദിച്ചത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുമില്ല.
സംസ്ഥാന സര്‍ക്കാറുകള്‍ക്കോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ വാണിജ്യ ആവശ്യത്തിന് കല്‍ക്കരി ഖനനം ചെയ്യാനുള്ള അധികാരമില്ലെന്നും ബഞ്ച് വ്യക്തമാക്കി. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 218 കല്‍ക്കരിപ്പാടങ്ങളാണ് 2004 – 2009 കാലഘട്ടത്തില്‍ വിതരണം ചെയ്തത്. ഈ ഇടപാട് കാര്യക്ഷമമായല്ല നടന്നതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ ഇടപാടുകളില്‍ വഴിവിട്ട് ഇടപെട്ടതായും ആരോപണമുണ്ടായിരുന്നു. സി എ ജി റിപ്പോര്‍ട്ടില്‍ നിന്ന് ചില ഉന്നതരുടെ പേരുകള്‍ ഒഴിവാക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മുന്‍ സി എ ജി വിനോദ് റായ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1993 മുതല്‍ അനുവദിച്ച കല്‍ക്കരി പാടങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2012ലാണ് അഭിഭാഷകനായ എം എല്‍ ശര്‍മ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാറിതര സംഘടനയായ കോമണ്‍ കോസും ഹരജിയുമായെത്തി.
യു പി എ സര്‍ക്കാറിന്റെ കാലത്ത് ലൈസന്‍സ് അനുവദിച്ച 194 കല്‍ക്കരി പാടങ്ങളുടെ കാര്യത്തിലായിരുന്നു തുടക്കത്തില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, 1993 ജൂലൈ പതിനാല് മുതലുള്ള ലൈസന്‍സ് വിതരണവും പരിശോധനക്ക് വിധേയമാക്കും വിധത്തില്‍ പരിഗണനാ പരിധി സുപ്രീം കോടതി വിശാലമാക്കുകയായിരുന്നു. 1998 മുതല്‍ 2004 വരെയാണ് എന്‍ ഡി എ അധികാരത്തിലുണ്ടായിരുന്നത്.
കേസില്‍ വാദം കേള്‍ക്കവേ 218 കല്‍ക്കരി പാടങ്ങളുടെ സ്ഥിതിവിവര കണക്ക് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം 105 എണ്ണം സ്വകാര്യ കമ്പനികള്‍ക്കും 99 എണ്ണം സര്‍ക്കാറുകള്‍ക്കും പന്ത്രണ്ട് എണ്ണം അള്‍ട്രാ മെഗാ പവര്‍ പ്രോജക്ടുകള്‍ക്കുമാണ് അനുവദിച്ചത്. രണ്ടെണ്ണം കോള്‍ ടു ലിക്വിഡ് പദ്ധതിക്കും അനുവദിച്ചു.

Latest