Connect with us

Articles

ആസൂത്രണക്കമ്മീഷന് മരണം വിധിക്കുമ്പോള്‍

Published

|

Last Updated

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആസൂത്രണക്കമ്മീഷന് മരണം വിധിച്ചിരിക്കുന്നു. രാജ്യത്തിന്റെ വികസനമാകെ കോര്‍പറേറ്റുകളുടെ കൈയിലേല്‍പ്പിച്ചുകൊടുക്കാനാണ് സംഘ്പരിവാര്‍ അധികാരത്തിലേറിയതെന്ന കാര്യം മോദിയുടെ ഓരോ നടപടിയിലൂടെയും അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍, മുതലാളിത്ത വികസനം സൃഷ്ടിച്ച് അസന്തുലിത തത്വങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നതാണ് ആസൂത്രണവും വികേന്ദ്രീകൃത വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്താനുള്ള തീരുമാനം. ആറ് ദശാബ്ദക്കാലത്തിലേറെയായി നാടിന്റെ വികസനം ആസൂത്രണം ചെയ്യുന്ന ഏജന്‍സിയാണ് ആസൂത്രണ കമ്മീഷന്‍. അതിന്റെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം സ്വതന്ത്ര വിപണി വാദത്തിന്റെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് മോദി ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്.
“ആസൂത്രണവും പഞ്ചവത്സര പദ്ധതികളും ഹിന്ദുസ്ഥാന് അഭികാമ്യമായ വികസന പദ്ധതികളല്ലെ”ന്ന് തുറന്നെഴുതിയ ഗോള്‍വാക്കറുടെ കാല്‍പ്പാടുകളെ പിന്തുടരുകയാണ് മോദി. മുതലാളിത്ത ഉത്പാദന വിതരണ ക്രമത്തിന്റെ അരാജകത്വവും അമിതോത്പാദനമടക്കമുള്ള കുഴപ്പങ്ങളും പരിഹരിക്കാനാണ് ആസൂത്രണത്തിലധിഷ്ഠിതമായ സമ്പത് പ്രവര്‍ത്തനം സോവിയറ്റ് യൂനിയന്‍ മുന്നോട്ട് വെച്ചത്. 1920ല്‍ സോവിയറ്റ് യൂനിയന്‍ രൂപം കൊടുത്ത പഞ്ചവത്സര പദ്ധതികളുടെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്. 1950 മാര്‍ച്ച് 15ന് ഇന്ത്യന്‍ ആസൂത്രണം ആരംഭിച്ചു. അന്നാണ് പ്ലാനിംഗ് കമ്മീഷന്‍ നിലവില്‍ വന്നതും.
രാജ്യത്തിന്റെ വികസനത്തിനുള്ള വളയമായി ആസൂത്രണ കമ്മീഷന്‍ പ്രവര്‍ത്തിച്ചു. കൃഷിയും വ്യവസായവും രാജ്യത്തിന്റെ അന്തര്‍ഘടനാ സംവിധാനങ്ങളും വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഭക്രാനങ്കല്‍, ഹിരാകുഡ്, ദാമോദര്‍ വാലി തുടങ്ങിയ വന്‍കിട വൈദ്യുത, ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഭീലായ്, റൂര്‍ക്ക് തുടങ്ങിയ സ്റ്റീലുരുക്ക് വ്യവസായങ്ങള്‍, നിരവധി തെര്‍മല്‍ പ്ലാന്റുകള്‍, തുറമുഖങ്ങള്‍, ഹൈവേകള്‍, പൊതുജന സേവനം ലക്ഷ്യം വെക്കുന്ന നിരവധി പദ്ധതികള്‍ എല്ലാം ആസൂത്രണ പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ടു. ഗ്രാമങ്ങളും നഗരങ്ങളും കൃഷിയും വ്യവസായവും പരിസ്ഥിതിയും വികസനവും തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ മുലാളിത്ത സമ്മര്‍ദത്തില്‍ പെട്ട ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന് കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. അത് പരിഹരിക്കാനുള്ള നടപടികള്‍ക്ക് പകരം, അതിനെ ഇല്ലാതാക്കി നാടിന്റെ വികസനം കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്.
ആസൂത്രണ സമ്പദ്‌വ്യവസ്ഥയുടെ ജന്മം സോവിയറ്റ് യൂനിയനാണെന്ന് പറഞ്ഞല്ലോ. മുതലാളിത്തത്തിന്റെ കുഴപ്പങ്ങളില്ലാത്ത പ്രതിസന്ധിരഹിതമായൊരു വ്യവസ്ഥയെന്ന നിലയിലാണ് സോഷ്യലിസം പ്രസക്തമാകുന്നത്. ലാഭകേന്ദ്രീകൃതവും വിപണിയോന്മുഖവുമായ സമ്പദ്‌വ്യവസ്ഥകളാണ് മുതലാളിത്ത രാജ്യങ്ങളിലേത്. മുപ്പതുകളിലെ മഹാ മാന്ദ്യം മുതലാളിത്ത നാടുകളെയാകെ ഗ്രസിച്ചു. പട്ടിണിയും ഭക്ഷ്യക്ഷാമവും ഉത്പാദനത്തകര്‍ച്ചയും സാമ്രാജ്യത്വ രാജ്യങ്ങളെയും അവുരുടെ കോളനികളായ ഇന്ത്യ പോലുള്ള നാടുകളെയും വേട്ടയാടി. മുതലാളിത്ത പ്രതിസന്ധിയുടെ പ്രഹരങ്ങളേല്‍ക്കാത്ത ഭൂമുഖത്തെ ഏക രാജ്യം സോവിയറ്റ് യൂനിയനായിരുന്നു.
മുതലാളിത്ത പ്രതിസന്ധിയുടെ ആഘാതമേല്‍ക്കാതെ സോവിയറ്റ് യൂനിയനെ സംരക്ഷിച്ചു നിര്‍ത്തിയത് ആസൂത്രണവും പഞ്ചവത്സര പദ്ധതികളുമായിരുന്നു. ഉത്പാദന വിപ്ലവം ഏകപക്ഷീയമായി കൈയടക്കാന്‍ ഒരു പിടി മുതലാളിമാര്‍ക്ക് കഴിയാത്ത ഉത്പാദന മേഖലയുടെ സാമൂഹികവത്കരണവും സ്റ്റേറ്റിന്റെ ഇടപെടലുമാണ് സോഷ്യലിസത്തിന്റെ സവിശേഷത. കമ്പോളത്തെ നിയന്ത്രിക്കുന്ന സ്റ്റേറ്റിടപെടലും നിയന്ത്രണവുമായിരുന്നു സോവിയറ്റ് യൂനിയനില്‍ നിലനിന്നിരുന്നത്.
മുതലാളിത്ത വ്യവസ്ഥക്കകത്തെ കഴുത്തറപ്പന്‍ മത്സരങ്ങളും അതിന്റെ അനിവാര്യതയായ അമിതോത്പാദനവുമാണ് സമ്പദ്ഘടനയെ പ്രതിസന്ധിയിലെത്തിക്കുന്നത്. അമിതോത്പാദനം ചരക്കുകള്‍ വിറ്റുപണമാക്കാന്‍ കഴിയാത്ത വിധം മാന്ദ്യം സൃഷ്ടിക്കുന്നു. അരാജകത്വവും അമിതോത്പാദനവും സാക്ഷാത്കാര പ്രശ്‌നവും മുതലാളിത്തത്തിന്റെ ജന്മസിദ്ധമായ കുഴപ്പങ്ങളാണ്. മുപ്പതുകളിലെ പ്രതിസന്ധി മുതലാളിത്ത ലോകത്ത് പോലും സോവിയറ്റ് യൂനിയന്റെ പഞ്ചവത്സര പദ്ധതികള്‍ക്കും ആസൂത്രണത്തിനും സ്വീകാര്യത വളര്‍ത്തി. സ്റ്റേറ്റിന്റെ ഇടപെടലും ആസൂത്രണവും മുതലാളിത്ത ധനശാസ്ത്രജ്ഞനായ കെയിന്‍സിനു പോലും അംഗീകരിക്കേണ്ടിവന്നു. മുതലാളിത്ത ഉത്പാദന വ്യവസ്ഥക്ക് പോലും ആസൂത്രണമില്ലാതെ സ്റ്റേറ്റ് ഇടപെടലില്ലാതെ നിലനില്‍ക്കാനാകില്ലെന്ന് കെയ്ന്‍സ് ഉദ്‌ബോധിപ്പിച്ചു.
നവ ലിബറല്‍ നയങ്ങള്‍ കെയ്‌നീഷ്യസത്തെ കൂടി നിഷേധിക്കുന്ന സര്‍വതന്ത്ര സ്വതന്ത്രമായ വിപണിവാദമാണല്ലോ. ഹിന്ദുത്വ വര്‍ഗീയ പാതയില്‍ രാജ്യവികസനം കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തെ ബി ജെ പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ തകര്‍ത്തതാണ്. കര്‍ണാടകയിലും ഗുജറാത്തിലുമെല്ലാം ഇതാണ് സംഭവിച്ചത്.
പൊതു നിക്ഷേപം ശക്തമാക്കി പൊതുമേഖലാ വ്യവസായങ്ങളെയും സേവന മേഖലകളെയും വളര്‍ത്തുന്നതിന് പകരം എല്ലാം കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്ന നയമാണ് മോദി സ്വീകരിച്ചിരിക്കന്നത്. തുറന്ന വികസന നയമാണ് ആര്‍ എസ് എസ്സിന്റെയും പഴയ ജനസംഘത്തിന്റെയും പ്രഖ്യാപിത നിലപാട്. അംബാനിമാര്‍ക്കും ആദാനിമാര്‍ക്കുമാണ് രാജ്യം. ദരിദ്രരും ഗ്രാമീണരുമായ ജനങ്ങളെ വികസനത്തിന്റെ ലക്ഷ്യമായി കാണാത്ത മുതലാളിത്ത നയമാണ് എന്നും സംഘ്പരിവാര്‍ മുന്നോട്ട് വെച്ചത്.