ബസ് യാത്രക്കാര്‍ 46.2 ശതമാനം വര്‍ധിച്ചു;സി വണ്‍ തിരക്കേറിയ റൂട്ട്‌

Posted on: August 21, 2014 7:55 pm | Last updated: August 21, 2014 at 7:55 pm

neoplan-centroliner-evolution-gelenkbus-dubai-96425ദുബൈ: ആര്‍ ടി എ ബസ്‌യാത്രക്കാരില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ആദ്യ നാലു മാസത്തില്‍ 46.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ആര്‍ ടി എ പൊതുഗതാഗത വിഭാഗം സി ഇ ഒ ഈസാ അല്‍ ഹാശിമി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 39.3 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ ബസില്‍ ഇരിപ്പിടം തേടുന്നുവെന്നാണ് മനസിലാകുന്നത്. ബസുകള്‍ സമയ നിഷ്ഠ പാലിക്കുന്നത് ആളുകള്‍ക്ക് ആകര്‍ഷകമാണ്. സ്വന്തമായി വാഹനം ഉള്ളവര്‍ പോലും ബസുകളെ ആശ്രയിക്കുന്നു.
ലോകോത്തര നിലവാരമുള്ള ബസ് ഗതാഗത സേവനമാണ് ആര്‍ ടി എ നടത്തുന്നത്. ജര്‍മനി, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സേവനങ്ങളോട് കിടപിടിക്കുന്നതാണിത് ലോകത്ത് മൂന്നാംസ്ഥാനം ദുബൈക്കുണ്ട്. ബസില്‍ സീറ്റ് തേടുന്നവരുടെ ശതമാനത്തില്‍ ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു തൊട്ടുപിന്നിലായി ദുബൈ ഉണ്ട്. യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ നഗരങ്ങളെ അപേക്ഷിച്ച് ദുബൈ പുതിയ നഗരമാണെന്നത് ശ്രദ്ധേയമാണ്.
ബസ്‌റൂട്ടുകളുടെ കാര്യശേഷി ഇടക്കിടെ വിലയിരുത്തലിന് വിധേയമാക്കാറുണ്ട്. ഓരോ വര്‍ഷത്തിന്റെയും അവസാനം തെറ്റുതിരുത്തല്‍ നടപടി കൈക്കൊള്ളും. ഏതെങ്കിലും റൂട്ടില്‍ ബസ്‌യാത്രക്കാര്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് ഗുണകരമായി യാത്രാപദ്ധതി (വൊജാത്തി) ലഘുലേഖയായി ഇറക്കിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ടച്ച് സ്‌ക്രീനുകള്‍ ഏര്‍പ്പെടുത്തി അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നു.
ദുബൈയില്‍ 107 റൂട്ടുകളാണുള്ളത്. മെട്രോ സ്റ്റേഷന്‍ റൂട്ടുകള്‍, സി ബി ഡി റൂട്ടുകള്‍, എക്‌സ്പ്രസ് റൂട്ടുകള്‍ എന്നിങ്ങനെ വിവിധ യാത്രാ പദ്ധതികളുണ്ട്. ദേര വഴി ദുബൈ രാജ്യാന്തര വിമാനത്താവളത്തെയും സത്‌വയെയും ബന്ധിപ്പിക്കുന്ന സി വണ്‍ ആണ് ഏറ്റവും തിരക്കുപിടിച്ച റൂട്ട്. ഈ വര്‍ഷം ജൂലൈയില്‍ 5,80,000 യാത്രക്കാര്‍ ഈ റൂട്ടില്‍ സഞ്ചരിച്ചുവെന്നും ഈസാ അല്‍ ഹാശിമി അറിയിച്ചു.