ജെറ്റ് സ്‌കീകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി എം സി എ

Posted on: August 20, 2014 10:00 pm | Last updated: August 20, 2014 at 10:36 pm

ദുബൈ: എമിറേറ്റിലെ മുഴുവന്‍ ജെറ്റ് സ്‌കീകളും രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബൈ മരിടൈം സിറ്റി അതോറിറ്റി(ഡി എം സി എ) ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഒക്ടൊബര്‍ 20 വരെ പ്രത്യേക ക്യാമ്പയിന്‍ നടത്തും. അടുത്ത മാസം ഒന്നു മുതലാണ് ക്യാമ്പയിന്‍ ആരംഭിക്കുകയെന്നു ഡി എം സി എ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ ദാബൂസ് വ്യക്തമാക്കി. ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന വാഹനമായ ജെറ്റ് സ്‌കീകളുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ വര്‍ധിക്കുന്നതും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്.
അപേക്ഷ പൂരിപ്പിക്കുക, തരിച്ചറിയല്‍ രേഖ സഹിതം സമര്‍പ്പിക്കുക, ജെറ്റ് സ്‌കീകള്‍, ബര്‍ ദുബൈ റാശിദ് പോര്‍ട്ടിന് സമീപത്തുള്ള ഡി എം സി എ ആസ്ഥാനത്ത് പരിശോധനക്കായി എത്തിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്.
പാസ്‌പോര്‍ട്ടോ, എമിറേറ്റ്‌സ് ഐ ഡിയോയാണ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുക. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ രേഖകള്‍ ഇല്ലാത്തവര്‍ റെസിപ്റ്റ് പരിശോധനക്കായി നല്‍കിയാലും മതി. ദുബൈയുടെ തീരക്കടലില്‍ ഏതെല്ലാം മേഖലയില്‍ ജെറ്റ് സ്‌കീ ഓടിക്കാമെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കും.
പരമാവധി വേഗത്തെക്കുറിച്ചും മാര്‍ഗനിര്‍ദ്ദേശം നല്‍കും. ജെറ്റ് സ്്കീയുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ഉടമകളെ ബോധവത്ക്കരിക്കും. കടലിലുളള ജലകേളികള്‍ക്ക് ചട്ടങ്ങളും നിയമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.