Connect with us

International

ഇറാഖില്‍ സംഘര്‍ഷം രൂക്ഷം: യു എസ് വ്യോമാക്രമണം നടത്തി

Published

|

Last Updated

iraqബഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ടിന് സമീപം യു എസ് പോര്‍വിമാനങ്ങള്‍ വിമതരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തി. ഇസില്‍ വിമത സംഘത്തിലെ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യസീദികള്‍ കുടുങ്ങിക്കിടക്കുന്ന സിന്‍ജാര്‍ കുന്നിലടക്കം വടക്കന്‍ ഇറാഖിലെ നിരവധി സ്ഥലങ്ങളില്‍ അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, യസീദി സമുദായത്തിലെ നിരവധി പേരെ വിമതര്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഈ മാസമാദ്യം വിമതര്‍ പിടിച്ചെടുത്ത മൂസ്വില്‍ അണക്കെട്ട് തിരിച്ചുപിടിക്കാനുള്ള കുര്‍ദ് സൈന്യമായ പെഷ്‌മെര്‍ഗയെ സഹായിക്കാനാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. വടക്കന്‍ ഇറാഖിലേക്കുള്ള വെള്ളം, വൈദ്യുതി വിതരണത്തിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തിരിക്കുകയായിരുന്നു. സിന്‍ജാര്‍ മേഖലയിലെ യസീദികളില്‍ പെട്ട 80 പേരെ വിമതര്‍ കൊന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിമത സംഘം കോച്ചോ ഗ്രാമത്തില്‍ എത്തിയതായും വീട് ഒഴിയാതിരുന്ന യസീദികളെ കൊന്നതായും വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചതായി മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഹൂശിയാര്‍ സിബാരി എ എഫ് പിയോട് പറഞ്ഞു. ഗ്രാമത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടതായി യസീദി ആയുധധാരിയായ മുഹ്‌സിന്‍ തവ്വാല്‍ ടെലിഫോണിലൂടെ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദ് പോരാളികളുടെയും യു എസ് വ്യോമാക്രമണത്തിന്റെയും ഫലമായി കുന്നില്‍ അകപ്പെട്ട നിരവധി പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ചുരുക്കം ചിലര്‍ ഇനിയും കുന്നിലുണ്ട്. പത്ത് ദിവസമായി വിമതര്‍ ഉപരോധം തുടങ്ങിയിട്ട്.
അതേസമയം, അധികാരം ഒഴിയാന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി വ്യാഴാഴ്ച സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് സദ്ദാം ഹുസൈന്‍ യുഗത്തിന് അന്ത്യമായതിന് ശേഷം എട്ട് വര്‍ഷം നീണ്ടുനിന്ന ഭരണത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ഇറാഖ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് മാലികിയുടെ പിന്‍വാങ്ങലോടെ പരിഹാരമാകുമെന്നാണ് യു എസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതിയ സര്‍ക്കാറില്‍ ഭാഗമാകാന്‍ തയ്യാറാണെന്ന് സുന്നി വിഭാഗം അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക നിയുക്ത പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് കൈമാറിയിട്ടുണ്ടെന്നും ഇവ അംഗീകരിച്ചാല്‍ സര്‍ക്കാറില്‍ ചേരുമെന്നും സുന്നി വിഭാഗം വക്താവ് ത്വാഹ മുഹമ്മദ് അല്‍ ഹംദൂന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest