ആറ് മാസത്തിനിടെ രാജ്യത്ത് 308 വര്‍ഗീയ സംഘട്ടനങ്ങള്‍

Posted on: August 14, 2014 12:48 am | Last updated: August 14, 2014 at 12:48 am

COMMUNAL INCIDENTന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 308 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതില്‍ 56 എണ്ണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ഉത്തര്‍പ്രദേശിലാണ്. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കിയതാണ് ഇക്കാര്യം.
ഈ മാസം ജൂണ്‍ വരെയായി മഹാരാഷ്ട്രയില്‍ നിന്ന് 51 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ ഇതിന്റെ എണ്ണം 44 ആണ്. രാജസ്ഥാനില്‍ നിന്ന് 33 വര്‍ഗീയ സംഘര്‍ഷ സംഭവങ്ങളും ബീഹാറില്‍ നിന്ന് 32 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണം 26 ആണ്.
2013ല്‍ മൊത്തം 823 സാമുദായിക സംഘര്‍ഷങ്ങളുണ്ടായി. ഇതില്‍ 247 എണ്ണവും ഉത്തര്‍പ്രദേശിലായിരുന്നു. മഹാരാഷ്ട്ര 88, മധ്യപ്രദേശ് 84, കര്‍ണാടക 73, ഗുജറാത്ത് 68, ബീഹാര്‍ 63, രാജസ്ഥാന്‍ 52 എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങളുടെ എണ്ണം.
2012ല്‍ രാജ്യവ്യാപകമായി മൊത്തം 668 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ആ വര്‍ഷവും ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശായിരുന്നു. 118. മഹാരാഷ്ട്രയില്‍ 94, മധ്യപ്രദേശില്‍ 92, കര്‍ണാടകയില്‍ 69, ആന്ധ്രാപ്രദേശില്‍ 60, ഗുജറാത്തില്‍ 57, കേരളത്തില്‍ 56, രാജസ്ഥാനില്‍ 37 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങളുടെ എണ്ണം.