പുക മഞ്ഞ് തുടരും, മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Posted on: August 12, 2014 7:00 pm | Last updated: August 12, 2014 at 7:43 pm

ദുബൈ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന പുകമഞ്ഞ് തുടരുമെന്നും ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. അന്തരീക്ഷം ഈര്‍പ്പം 95 ശതമാനം വരെ ഉയര്‍ന്നത് സ്ഥിതി കൂടുതല്‍ ദുഷ്‌ക്കരമാക്കി. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരാനാണ് സാധ്യത. ലിവ, മദീനത്ത് സായിദ് തുടങ്ങിയ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 50 മീറ്ററിലും താഴെയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നേക്കും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചു.

അബുദാബിയിലും പടിഞ്ഞാറന്‍ മേഖലയിലുമാണ് പുകമഞ്ഞ് ഗതാഗതം താറുമാറാക്കിയത്. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പുകമഞ്ഞിന് സാധ്യതയുണ്ട്. ഈ മേഖലയില്‍ ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയാണെന്നും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസവും ദേശീയ കാലാവസ്ഥാ കേന്ദ്രം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇത് ഏറെ ഉപകാരപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും അനിശ്ചിതമായ കാലാവസ്ഥ തുടരാനാണ് സാധ്യത.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതി കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെയും ശനി, ഞായര്‍, ദിവസങ്ങളിലും റെക്കാര്‍ഡ് ചൂടായിരുന്നു. ഏതാനും ആഴ്ചകള്‍ക്കിടയിലാണ് ദുബൈ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചൂട് പാരമ്യത്തില്‍ എത്തിയത്. പ്രസന്നമായ പകലുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് അനുഭവപ്പെടുന്നതെങ്കിലും വരും ദിസങ്ങളില്‍ താപനില ഗണ്യമായി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 49 ഡിഗ്രി വരെ ഉണ്ടായിരുന്ന ചൂടാണ് 20 ഡിഗ്രി സെന്റിഗ്രീഡോളം കുറയാന്‍ സാധ്യതയുളളതായി കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
ചില ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാവും. അല്‍ ഐന്‍ അതിര്‍ത്തിയില്‍ നിന്നു 30 മൈല്‍ അകലത്തിലും അല്‍ സുവൈബിലും ആകാശം വരും ദിനങ്ങളില്‍ മേഘാവൃതമാവാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ നിന്നു വരുന്ന കിഴക്കന്‍ കാറ്റുകളാണ് മഴ മേഘങ്ങളെ രാജ്യത്തേക്ക് എത്തിക്കുക. അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നത് മഴക്കുള്ള സാധ്യത കൂട്ടും.
അതേ സമയം കഴിഞ്ഞ ദിവസം യു എ ഇ ദര്‍ശിച്ച സൂപ്പര്‍ മൂണ്‍ പ്രതിഭാസം കടലില്‍ തിരകളുടെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത രണ്ടു ദിവസവും തുടരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചു.