Connect with us

Articles

ഇരുട്ടില്‍ തപ്പുന്ന വിദ്യാഭ്യാസം

Published

|

Last Updated

കേരളത്തില്‍ അനുദിനം മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യ രംഗവും. അതുകൊണ്ടു തന്നെ ഇവയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കും ആരോപണങ്ങള്‍ക്കും ഈ നാട്ടില്‍ ഇന്നേ വരെ ഒരു പഞ്ഞവുമില്ല താനും. ഒരു ജനാധിപത്യ സാമൂഹിക വ്യവസ്ഥിതി നിലനില്‍ക്കുന്ന നാട്ടില്‍, ജനപക്ഷത്തു നിന്നുകൊണ്ട് അവരുടെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി നിലനില്‍ക്കേണ്ട ഈ രണ്ട് അവശ്യ സര്‍വീസുകള്‍ എത്രമാത്രം ജീര്‍ണതയെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നറിയാന്‍ സമീപകാല വാര്‍ത്തകളിലേക്ക് മാത്രം ഒന്ന് ശ്രദ്ധയൂന്നിയാല്‍ മതി. വളരെ പഴഞ്ചന്‍ രീതിശാസ്ത്രത്തെ പിന്‍പറ്റി ഇന്നും തുടര്‍ന്നുപോരുന്ന നമ്മുടെ വിദ്യാഭ്യാസ രീതിയും അധ്യാപനവും പഠനക്രമവുമെല്ലാം എങ്ങനെ ഒരു സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നറിയാന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷകളിലും മറ്റും കേരളത്തിന്റെ സ്ഥാനം നോക്കിയാല്‍ മതി. സാക്ഷരതാ വളര്‍ച്ചയില്‍ കേരളത്തേക്കാള്‍ എത്രയോ പിറകെ നില്‍ക്കുന്ന ബീഹാറിലേയും ബംഗാളിലേയും രാജസ്ഥാനിലേയും കുട്ടികള്‍ അഖിലേന്ത്യാ പരീക്ഷകളില്‍ മികവിന്റെ പൊന്‍തൂവലുകള്‍ അണിയുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ഒരു പുനരാലോചനയെങ്കിലും നടത്തിയാല്‍ നന്ന്.
പന്ത്രണ്ടായിരത്തിലേറെ വിദ്യാലയങ്ങളും നില്‍പ്പത്തി മൂന്ന് ലക്ഷം വിദ്യാര്‍ഥികളും കേരളത്തിലുണ്ട്. ഇവരെ പഠിപ്പിക്കാനായി ഒന്നേ മുക്കാല്‍ ലക്ഷം അധ്യാപകരാണുള്ളത്. വിദ്യാഭ്യാസ രംഗത്തെ ഈ വളര്‍ച്ച മറ്റൊരു സംസ്ഥാനത്തും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. എങ്കിലും ആരോഗ്യപരമായ വിദ്യാഭ്യാസ മേഖല ഒരു വന്‍ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നു. പൊതുമേഖലയെ കൈയൊഴിഞ്ഞുകൊണ്ട്, സ്വകാര്യ മേഖലക്ക് പങ്കാളിത്തമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നതു നിമിത്തം പല സ്‌കൂളുകളും കുട്ടികളുടെ കുറവ് നിമിത്തം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഇതു മൂലം കേരളത്തില്‍ ആകെയുള്ള അധ്യാപകരില്‍ പത്ത് ശതമാനത്തോളം പുറത്തുപോകേണ്ട അവസ്ഥയിലാണ്. ഇത് ഒരു കൊല്ലത്തെ കണക്കെടുപ്പല്ല. വരും കാലങ്ങളിലും ആവര്‍ത്തിക്കപ്പെടാനുള്ള ഒന്നാണ്. ഇങ്ങനെ സംഭവിക്കുന്നതു മൂലം സംവരണ സീറ്റുകള്‍ നഷ്ടപ്പെടുക മാത്രമല്ല, കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ തൊഴിലില്ലായ്മക്ക് വലിയ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.
ഏതൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകുന്ന ഒരു വകുപ്പാണ് വിദ്യാഭ്യാസം. അതിന്റെ സ്വകാര്യവത്കരണം മുതല്‍ പാഠ്യപദ്ധതിയുടെ പരിഷ്‌കരണം വരെ വിവാദമൊഴിയുന്ന കാലമില്ല. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതെങ്കിലും ഈ കാലയളവിനുള്ളില്‍ കേരളീയ സമൂഹത്തില്‍ അരങ്ങേറിയ അഴിമതിയുടെയും ആരോപണങ്ങളുടെയും ഗ്രാഫ് എത്രമാത്രമുണ്ടായിരുന്നുവെന്നത് വിസ്തരിക്കേണ്ടതില്ല. പാഠ്യപദ്ധതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കൊലപാതകം പോലും ഈ നാട്ടില്‍ അരങ്ങേറുകയുണ്ടായി. ഇന്നും കെട്ടടങ്ങാത്ത ഒരു വിഷയവുമാണിത്. കുട്ടികളുടെ സര്‍ഗാത്മകവും സമഗ്രവുമായ വികസനത്തിന് നമ്മുടെ കരിക്കുലമോ പാഠ്യരീതിയോ ഒട്ടും സഹായകമല്ലെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്നവര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതാണ് പുതുകാല വിദ്യാഭ്യാസ രീതി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും ഗവേഷണ രംഗത്തേയും പരിപോഷിപ്പിച്ച സ്ഥാപനങ്ങളായിരുന്നു എസ് സി ഇ ആര്‍ ടി, സീമാറ്റ്, ഐ ടി അറ്റ് സ്‌കൂള്‍ എന്നിവ. നയിക്കാന്‍ പ്രാപ്തരായ മേധാവികളില്ലാതെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ ഗവേഷണ സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ചട്ടപ്രകാരം ചില യോഗ്യതകളൊക്കെ നിഷ്‌കര്‍ഷിച്ചിട്ടുണ്ടായിരുന്നു. അതില്‍ പ്രധാനം ഇവരുടെ ഗവേഷണ പരിചയമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു നിബന്ധനയേയും മുഖവിലക്കെടുക്കാതെയാണ് ഈ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ഈ സ്ഥാപനങ്ങളുടെ തകര്‍ച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ വിപരീതമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളിലൊന്നായ സര്‍വശിക്ഷാ അഭിയാനിന്റെയും കഥ മറിച്ചല്ല. ഇവിടങ്ങളില്‍ ജോലി സമ്പാദിക്കുന്നവരുടെ യോഗ്യതയും പരിചയവും അക്കാദമിക് യോഗ്യതയുടെ മികവിന്റെ അടിസ്ഥാനത്തിലല്ല തന്നെ. ഡെപ്യൂട്ടേഷനില്‍ തലപ്പത്തെത്തുന്ന പലരും രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ് അരങ്ങ് വാഴുന്നത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പദ്ധതി വിഹിതത്തില്‍ കിട്ടേണ്ടിയിരുന്ന 180 കോടി രൂപ ഈസ്ഥാപനങ്ങള്‍ക്ക് എങ്ങനെ നഷ്ടമായി എന്ന് ഒന്നന്വേഷിച്ചാല്‍ മതിയാകും.
വിദ്യാഭ്യാസം കൊണ്ട് സ്വയത്തമാക്കേണ്ട സാമൂഹിക നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങി എല്ലാ രംഗത്തും കേരളീയ ഉന്നത വിദ്യാഭ്യാസ രംഗവും പിറകോട്ട് പോകുന്നതായിട്ടാണ് രണ്ട് ദശകങ്ങളിലെ ചരിത്രം പറയുന്നത്. സര്‍വകലാശാലാ പരീക്ഷ കഴിഞ്ഞ് പുറത്തുവരുന്നവരുടെ, പതിനായിരക്കണക്കിന് ബിരുദധാരികളുടെ, തൊഴില്‍ സാധ്യതയെക്കുറിച്ച് തന്നെ മനസ്സിലാക്കിയാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടും. സമൂഹത്തില്‍ പുതുതായി രൂപപ്പെടുന്ന തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന എന്ത് സംവിധാനമാണ് കേരള സര്‍ക്കാര്‍ കാര്യപ്രാപ്തിയോടെ നടത്തുന്നത്? മറ്റു രാഷ്ട്രങ്ങളില്‍ വിദ്യാസമ്പന്നര്‍ ഒരു സമൂഹത്തിന്റെ സമ്പത്തായി പരിഗണിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഒരു ബാധ്യതയും ശാപവുമായി മാറുന്നു. ഇത് യുവത്വത്തെ അരക്ഷിത ബോധത്തിലേക്കാണ് നയിക്കുന്നത്. ഒരു കാലത്ത് തൊഴിലില്ലായ്മ പല രാഷ്ട്രീയ യുവജന സംഘടനകളുടെയും പ്രധാന മുദ്രാവാക്യമായിരുന്നെങ്കില്‍ ഇന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഒടുവിലത്തെ മുദ്രാവാക്യം മാത്രമാണ്. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച, വിദ്യാ സമ്പന്നരുടെ വര്‍ധന എന്നിവ വ്യവസായ വാണിജ്യ, കാര്‍ഷിക മേഖലകളുടെ വളര്‍ച്ചക്ക് സഹായകരമാകുന്ന കാഴ്ചയാണ് ഇതര രാജ്യങ്ങളില്‍ നാം ദര്‍ശിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഇവയുടെയൊക്കെ മുരടിപ്പ് നമുക്ക് കാണേണ്ടിവരുന്നു. വിദ്യാഭ്യാസം കൊണ്ട് തൊഴില്‍ സാധ്യതയല്ല നമ്മുടെ ലക്ഷ്യം. മറിച്ച് അസൂയയും പകയും കുത്തിനിറക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. മുരടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ്ഘടനയെ ശാക്തീകരിക്കാന്‍ പാകത്തില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല.
ലോകമിന്ന് ഒരു വൈജ്ഞാനിക സമൂഹമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ നമ്മുടെ വിദ്യാഭ്യാസം പാകപ്പെട്ടിട്ടില്ല. ഇതിനു കാരണം, നമ്മുടെ ലക്ഷ്യബോധമില്ലാത്ത വിദ്യാഭ്യാസ കാഴ്ചപ്പാടും പാഠ്യരീതിയും സിലബസുമൊക്കെ തന്നെയാണ്. കാര്‍ഷിക മേഖലയെ മുച്ചൂടും അവഗണിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് നാം പിന്തുടരുന്നത് എന്നതിനാല്‍, ശാരീരിക അധ്വാനമെന്നത് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അറപ്പുളവാക്കുന്ന ഒന്നായി മാറി. ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവുമെല്ലാം നാം സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലാ സിലബസിനോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെത് തുലോം പരിമിതമാണെന്നു കാണാം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതും പരിഷ്‌കരിക്കപ്പെടാത്തതും ഗുണപ്രദമല്ലാത്തതുമാണെന്ന് മനസ്സിലാക്കാന്‍ കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളുടെ ബാഹുല്യം പരിശോധിച്ചാല്‍ മതി. പ്രൊഫഷനല്‍ വിദ്യാഭ്യാസ സീറ്റിനു വേണ്ടി കേരളത്തില്‍ നിന്നും കോടികളാണ് ഒരോ വര്‍ഷവും അന്യ നാടുകളിലേക്ക് ഒഴുകുന്നത്. ഈ ഒഴുക്ക് തടായാനായിരുന്നു സര്‍ക്കാര്‍ ഇഷ്ടം പോലെ പ്രൊഫഷനല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ. നിലവാരമില്ലാത്ത കോളജുകളില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങുന്ന യോഗ്യതയില്ലാത്ത എന്‍ജിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും സ്ഥിതി കേരളത്തില്‍ വലിയ തലവേദനയാണ്. ഇവിടുത്തെ പ്രൊഫഷനല്‍ കോളജുകള്‍ മെച്ചമായിരുന്നെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കാന്‍ ഇവിടേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല. മാത്രമല്ല, ഇവിടെ നിന്നുള്ള ഒഴുക്കിന് വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല താനും.
കേരളം നേരിടുന്ന വിദ്യാഭ്യാസ അപചയത്തിന് സമൂലമായ പരിഷ്‌കരണങ്ങള്‍ ആശയതലത്തിലും നിലപാട് തലത്തിലും വരാത്തിടത്തോളം കുത്തഴിഞ്ഞ ഒരു ഗ്രന്ഥം പോലെ വിദ്യാഭ്യാസ രംഗവും മാറുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള സിലബസുകള്‍ കാലോചിതമായി പരിഷ്‌കരിച്ചാല്‍ മാത്രമേ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ തലമുറക്ക് കൊടുക്കാന്‍ സാധിക്കൂ. കാര്‍ഷിക വിദ്യാഭ്യാസത്തിന് ഇടം കൊടുക്കുന്ന ഒരു സിലബസ് പരിഷ്‌കരണം ഈ കാലം ആവശ്യപ്പെടുന്നുണ്ട്.

Latest