ഇസ്‌ലാമിക് ബേങ്ക് കാര്‍ഡുകളില്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അനുമതി

Posted on: August 11, 2014 9:30 pm | Last updated: August 11, 2014 at 9:30 pm

അബുദാബി: ഇസ്‌ലാമിക് ബേങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അനുമതി. മുമ്പ് പുകയിലയും മദ്യവും ഉള്‍പ്പെട്ടവക്ക് ബേങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പുകയില ഉല്‍പന്നങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങാമെന്നു വന്നെങ്കിലും മദ്യശാപ്പുകളിലും ബാറുകളിലും കാര്‍ഡ് ഉപയോഗിച്ച് മദ്യവും അനുബന്ധ ഉല്‍പന്നങ്ങളും വാങ്ങുന്നതിനുള്ള വിലക്ക് തുടരും.
രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക് ബേങ്കുകളായ അബുദാബി ഇസ്‌ലാമിക് ബേങ്ക്(എ ഡി ഐ ബി), നാഷനല്‍ ഇസ്‌ലാമിക് ബേങ്ക് എന്നിവയാണ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് നീക്കിയത്.
കഴിഞ്ഞ മേയ് മുതല്‍ അബുദാബി സ്‌മോകേഴ്‌സ് സെന്ററില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് എ ഡി ഐ ബി കസ്റ്റമര്‍ സര്‍വീസ് പ്രതിനിധി വെളിപ്പെടുത്തി. എന്നാല്‍ മദ്യ വില്‍പന ശാലകള്‍, ബാറുകള്‍, മദ്യം വിളമ്പുന്ന മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് നിലവിലെ വിലക്ക് ശക്തമായി തുടരുമെന്നും പ്രതിനിധി വ്യക്തമാക്കി.
അതേ സമയം ഷാര്‍ജ ഇസ് ലാമിക് ബേങ്ക്(എസ് ഐ ബി), അല്‍ ഹിലാല്‍ ബേങ്ക് എന്നിവ മദ്യത്തിനും പുകയില ഉല്‍പന്നങ്ങള്‍ക്കുമായി ബേങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. ബാറോ, മദ്യ ശാലയോ ആയി രജിസ്്റ്റര്‍ ചെയ്ത് സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പോലും കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാന്‍ സാധിക്കില്ലെങ്കിലും ഹോട്ടലോ റെസ്‌റ്റോറന്റോ ആയി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ മദ്യത്തിനും കാര്‍ഡ് ഉപയോഗിക്കാമെന്ന വൈരുധ്യം കാര്‍ഡില്‍ നിലനില്‍ക്കുന്നതായി എസ് ഐ ബി വക്താവ് വെളിപ്പെടുത്തി. ഇത് പരിഹരിക്കാന്‍ അധികം വൈകാതെ ശ്രമങ്ങള്‍ ആരംഭിക്കും.