അമേരിക്ക വീണ്ടും ഇറാഖില്‍

Posted on: August 11, 2014 6:51 am | Last updated: August 11, 2014 at 6:51 am

ഇറാഖില്‍ വീണ്ടും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചുതുടങ്ങിയിരിക്കുന്നു. കുര്‍ദ് അര്‍ധ സ്വയംഭരണ മേഖലയിലെ ഇര്‍ബില്‍ നഗരത്തിലും പരിസരങ്ങളിലുമാണ് എഫ് എ 18 യുദ്ധവിമാനങ്ങള്‍ ലേസര്‍ ബോംബുകളിട്ടത്. ന്യൂനപക്ഷ യസീദി വിഭാഗത്തില്‍ പെട്ടവര്‍ സിന്‍ജാര്‍ പര്‍വത മേഖലയില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് മാനുഷിക സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ വിശദീകരിക്കുന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണം ഞായറാഴ്ചയും തുടര്‍ന്നുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. അതിനടക്ക് യു എസ് പ്രസിഡന്റ് ബരാക് ഒബാമ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇറാഖിലേക്ക് തത്കാലം സൈന്യത്തെ അയക്കില്ല. എന്നാല്‍ വ്യോമാക്രമണങ്ങള്‍ ആവശ്യമെങ്കില്‍ തുടര്‍ന്നേക്കും. അത് സിവിലിയന്‍മാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത തരത്തിലായിരിക്കും. പരിമിതമായ ആക്രമണമാണ് നടക്കുക. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കോ സൈനിക ഉപദേശകര്‍ക്കോ എന്തെങ്കിലും ഹാനി സംഭവിച്ചാല്‍ തിരിച്ചടിക്കും. യുദ്ധത്തിന് അമേരിക്കക്ക് താത്പര്യമില്ല. ഇങ്ങനെ പോകുന്നു ഒബാമയുടെ ന്യായീകരണങ്ങള്‍.
ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങിയ ഘട്ടത്തില്‍ തന്നെ അവിടുത്തെ ശിയാ ഭൂരിപക്ഷ സര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി വരികയായിരുന്നു. ആഭ്യന്തരമായ പരിഹാരത്തെക്കുറിച്ച് ഒരു ആലോചനയും നടത്താതെ, ജനഹിതം ഒട്ടും മാനിക്കാതെ പ്രധാനമന്ത്രി നൂരി മാലിക്കി നടത്തിയ സഹായ അഭ്യര്‍ഥനകളെ അമേരിക്കന്‍ ഭരണകൂടം തുടക്കത്തില്‍ അവഗണിക്കുകയായിരുന്നു. പുതിയൊരു ആക്രമണ മുന തുറക്കുന്നതിനെതിരെ അമേരിക്കയില്‍ നിന്ന് ആഭ്യന്തര സമ്മര്‍ദം ശക്തമാണ്. ഈ സമ്മര്‍ദം തന്നെയാണ് 2011 ല്‍ ഉപേക്ഷിച്ചു പോന്ന ഇറാഖിലേക്ക് പുനഃപ്രവേശം ഒഴിവാക്കിയത്. ഇറാഖിനെ ആത്യന്തിക ശിഥിലീകരണത്തിന്റെ വക്കത്തെത്തിച്ചിരിക്കുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഇസില്‍) എന്ന് വിളിക്കുന്ന സായുധ സംഘത്തിന്റെ മുന്നേറ്റമാണ്. വംശീയമായി ഇവര്‍ സുന്നികളാണ്. ആദര്‍ശപരമായി പാരമ്പര്യ നിഷേധികളും. ശിയാവത്കരണത്തിന്റെ പാതയിലേക്ക് നയിച്ച നൂരി മാലിക്കി സര്‍ക്കാറിനോടുള്ള കടുത്ത പ്രതിഷേധമാണ് ഈ അല്‍ഖാഇദ ഗ്രൂപ്പിന് ആള്‍ബലം നേടിക്കൊടുത്തത്. തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന സിറിയയുടെ ചില ഭാഗങ്ങളും ഇറാഖിലെ സുന്നീ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി ഇവര്‍ ഒരു ഖിലാഫത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് ‘ഖലീഫ’. ഈ ഗ്രൂപ്പ് ആരുടെ താത്പര്യത്തിലാണ് യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്, എന്താണ് യഥാര്‍ഥ ലക്ഷ്യം എന്നിവയെല്ലാം കാലം തെളിയിക്കേണ്ടതാണ്. എണ്ണസമ്പന്നവും മഹത്തായ ചരിത്രത്തിന്റെ ആത്മവിശ്വാസവുമുള്ള ഒരു രാജ്യം ആര്‍ക്കും ഇടപെട്ട് രസിക്കാവുന്ന ഒരിടമായി അധഃപതിക്കുന്നുവെന്നതാണ് ആത്യന്തികമായി അവശേഷിക്കുന്നത്.
ഈ രാജ്യത്തെ ഇങ്ങനെ ആക്കിത്തീര്‍ക്കാനായി ആദ്യം സാമ്രാജ്യത്വം സദ്ദാം ഹുസൈനെ ഉയര്‍ത്തിക്കൊണ്ടു വന്നു. പിന്നെ അവരുടെ വരുതിയില്‍ കിട്ടാതായപ്പോള്‍ സദ്ദാമിനെ ശത്രു സ്ഥാനത്ത് നിര്‍ത്തി. കൂട്ടനശീകരണ ആയുധമെന്ന പച്ച നുണയുടെ പുറത്ത് ഇറാഖിനെ കുരുതിക്കളമാക്കി. രാഷ്ട്രത്തലവനായ സദ്ദാമിനെ തൂക്കിലേറ്റി. നൂരി അല്‍ മാലിക്കിയുടെ പാവ സര്‍ക്കാറിനെ അവരോധിച്ചു. അന്നും ഇന്നും എന്നും സാമ്രാജ്യത്വം ഇവിടെ ചെയ്തുകൊണ്ടിരുന്നത് വംശീയതയില്‍ പക്ഷം പിടിക്കുകയെന്നതാണ്. ഇറാനെ നേരിടാന്‍ സുന്നീ വിഭാഗത്തെ സഹായിച്ചു. പിന്നെ ശിയാക്കളുടെ ആളായി. ഇപ്പോഴും അത് തന്നെ ചെയ്യുന്നു. അതുകൊണ്ട് അമേരിക്ക ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന വ്യോമാക്രമണം ഒബാമ പറയുന്നതു പോലെ പരിമിതവും താത്കാലികവുമാണെന്ന് കരുതാനാകില്ല. ന്യൂനപക്ഷ സംരക്ഷണം, മാനുഷിക പരിഗണന തുടങ്ങിയ പ്രയോഗങ്ങളും ചരിത്രബോധമുള്ളവര്‍ക്ക് അപ്പടി സ്വീകരിക്കാനാകില്ല. മുമ്പ് അധിനിവേശ ആക്രമണങ്ങള്‍ തുടങ്ങിയിടത്തെല്ലാം അമേരിക്കയും കൂട്ടാളികളും ഇത്തരം ന്യായീകരണങ്ങള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. അവയൊക്കെ തുടക്കത്തില്‍ ‘പരിമിതം’ തന്നെ ആയിരുന്നു. ഒടുവില്‍ ആ രാജ്യങ്ങളെയൊക്കെ അതിജീവിക്കാനാകാത്ത വിധം തകര്‍ത്തിട്ടേ കലിയടങ്ങിയിട്ടുള്ളൂ.
ഇവിടെ ഉത്തരം കിട്ടാത്ത ആ ചോദ്യം തന്നെയാണ് മുഴങ്ങുന്നത്. പരമാധികാര രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ബലപ്രയോഗം നടത്താന്‍ ആരാണ് ഇവരെ ഏല്‍പ്പിച്ചത്? എവിടെയെങ്കിലും, ചരിത്രത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ഇടപെടലുകള്‍ ഗുണപരമായ ഫലം ഉളവാക്കിയിട്ടുണ്ടോ? ഇവരുടെ അഹങ്കാരത്തെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ മറുചേരി ഇല്ല എന്ന ഒറ്റക്കാരണമല്ലേ ഈ കടന്നുകയറ്റത്തിന്റെ യഥാര്‍ഥ കാരണം? ഉത്പാദിപ്പിച്ച ആയുധങ്ങള്‍ക്ക് വിപണിയുണ്ടാക്കല്‍ മാത്രമാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം. ഇറാഖില്‍ ഇപ്പോള്‍ അമേരിക്ക ചാടിയിറങ്ങാനുള്ള അടിയന്തര കാരണം അവിടെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടതാണെന്നോര്‍ക്കണം. വംശീയതയെ മാത്രമല്ല, വര്‍ഗീയതയെ കൂടി പൊലിപ്പിക്കുകയാണ് സാമ്രാജ്യത്വം. ഇറാഖിന് ഇപ്പോള്‍ വേണ്ടത് എല്ലാ വിഭാഗീയതകളെയും ചെറുത്ത് തോല്‍പ്പിക്കാനുള്ള ഐക്യമാണ്. അത് സംജാതമാക്കാന്‍ നൂരി അല്‍ മിലിക്കിക്ക് സാധിക്കില്ലെങ്കില്‍ അദ്ദേഹം ഇറങ്ങിപ്പോകട്ടെ. ഒരു പക്ഷത്ത് നില്‍ക്കുകയെന്ന വിഡ്ഢിത്തത്തില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കട്ടെ. ഇറാഖില്‍ അമേരിക്കന്‍ സൈന്യം തിരിച്ചെത്തേണ്ടത് സദ്ദാമാനന്തരം അവിടെ കുടിയിരുത്തപ്പെട്ട പാശ്ചാത്യ കമ്പനികളുടെ മാത്രം ആവശ്യമാണെന്നോര്‍ക്കണം.