Connect with us

Ongoing News

തിരിച്ചുവരവില്‍ ഫെല്‍പ്‌സ് ഏഴാമന്‍

Published

|

Last Updated

കരോലിന: നീന്തില്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. യു എസ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നൂറ് മീറ്റര്‍ ഫൈനലില്‍ ഫെല്‍പ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ ഫോമിന്റെ ഏഴയലത്തില്ല.
ഇതോടെ ഈ മാസം നടക്കുന്ന പാന്‍ പസഫിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനും സാധിച്ചില്ല. ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന പാന്‍ പസഫിക്കില്‍ നാല് വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കാനായിരുന്നു ഫെല്‍പ്‌സിന്റെ പദ്ധതി. 100 മീറ്ററില്‍ പുറത്തായതോടെ, അടുന്ന ലക്ഷ്യം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്, 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ ഇനങ്ങളിലാണ്.
ഫെല്‍പ്‌സ് ഉള്‍പ്പടെ ഏഴ് ഒളിമ്പ്യന്‍മാരാണ് ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ലണ്ടന്‍ ഒളിമ്പിക് ചാമ്പ്യന്‍ നഥാന്‍ അഡ്രിയാന്‍ 48.31 സെക്കന്‍ഡ്‌സില്‍ ഒന്നാമതെത്തിയപ്പോള്‍ റിയാന്‍ ലോച്‌റ്റെ രണ്ടാം സ്ഥാനം നേടി. 49.17 സെക്കന്‍ഡ്‌സിലായിരുന്നു ഫെല്‍പ്‌സിന്റെ ഫിനിഷിംഗ്. ആദ്യ അമ്പത് മീറ്ററില്‍ ഏറ്റവും പിറകിലായ ഫെല്‍പ്‌സ് അവസാന അമ്പത് മീറ്ററിലും വേഗം കൈവരിക്കാനായില്ല.രണ്ട് വര്‍ഷം മുമ്പ് ലണ്ടനില്‍ വെച്ച് പതിനെട്ടാം ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിക്കൊണ്ടായിരുന്നു ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തോട് വിടപറഞ്ഞത്.
വനിതകളുടെ 100 മീറ്ററില്‍ പത്തൊമ്പതുകാരി മിസി ഫ്രാങ്ക്‌ലിന്‍ 53.43 സെക്കന്‍ഡ്‌സില്‍ ജയിച്ചു. സിമോണ്‍ മാനുവലിന്റെ കടുത്ത വെല്ലുവിളിയെ നേരിയ മാര്‍ജിനിലാണ് മിസി മറികടന്നത്.
പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ കാലിഫോര്‍ഡിയക്കാരന്‍ ടോം ഷീല്‍ഡ്‌സ് ഈ വര്‍ഷത്തെ മൂന്നാമത്തെ മികച്ച സമയം (1:55.09) കുറിച്ച് ജേതാവായി.

 

Latest