ക്വാറികള്‍ തുറക്കാനായില്ല; തൊഴിലാളികള്‍ പട്ടിണിയിലേക്ക്

Posted on: August 8, 2014 10:45 am | Last updated: August 8, 2014 at 10:45 am

Quarryമേപ്പാടി: ജിയോളജിക്കല്‍ ഡയരക്ടര്‍ കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ഇന്നലെ അമ്പലവയിലിലെ കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാനായില്ല. ഇന്നലെ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ പല ക്വാറികളിലും ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് ഈ ഉത്തരവ് കൊണ്ട് മാത്രം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ക ഴിയില്ലെന്ന് ബോധ്യമായതും. വീണ്ടും ക്വാറികള്‍ നിശ്ചലമായതും. കഴിഞ്ഞ മാസം മാര്‍ച്ച് ഏഴിനാണ് സംസ്ഥാനത്തെ മറ്റു കല്‍ക്വാറികള്‍ക്കൊപ്പം അമ്പലവയലിലെ 25 ഓളം ക്വാറികള്‍ അടച്ചു പൂട്ടിയത്. മാര്‍ച്ച് ഏഴു വരെയായിരുന്നു പെര്‍മിറ്റുണ്ടായിരുന്നത്. മാര്‍ച്ച് ഏഴിന് പെര്‍മിറ്റുകള്‍ ഒപ്പിടാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും മാര്‍ച്ച് അഞ്ചിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ക്വാറികള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ പറ്റാതെ വന്നു. ഇതോടൊപ്പം തന്നെ കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വേണ്ടി വന്നു.
നിയമക്കുരുക്കളിലകപ്പെട്ട് അഞ്ച് മാസം മുമ്പ് കല്‍ക്വാറി അടച്ചു പൂട്ടിയതോടെ നിര്‍മാണ മേഖലയില്‍ കല്ലും, കല്ലുല്‍പ്പനങ്ങളും കിട്ടാതെ പൂര്‍ണമായും സ്തംഭിച്ചു. പട്ടയ സ്ഥലത്തുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഏതാനും ചില ക്വാറികള്‍ക്കുണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷം ക്വാറികളും അടഞ്ഞു കിടന്നു. ജിയോളജിക്കല്‍ ഡയരക്ടറുടെ സ്‌റ്റോപ്പ് മെമ്മോക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിക്കാനായിട്ടില്ല. ഹരിത ട്രൈബ്യൂണലിന്റേയും പരിസ്ഥിതി മന്ത്രാലയത്തിന്റേയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും അനുമതി കൂടി ലഭിച്ചാലെ കല്‍ക്വാറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവു. അമ്പലവയല്‍ മാത്രം 33 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5000 തൊഴിലാളികളും 2000ത്തോളം വാഹനങ്ങളും ക്വാറി തൊഴിലുമായി ബന്ധപ്പെട്ട് അമ്പലവയലിലുണ്ട്. ഇവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. നൂറുക്കണക്കിന് നിര്‍മാണ തൊഴിലാളികളും ജോലി ഇല്ലാതെ വിശമിക്കുകയാണ്. കരിങ്കല്ലും മണലും കി്ട്ടാതായതോടെ വന്യമൃഗശല്യത്തിന് വനാതിര്‍ത്തിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കല്‍ മതിലിന്റെ നിര്‍മാണവും അനിശ്ചിതത്വത്തിലായി.