ടി പി വധക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു

Posted on: August 8, 2014 10:30 am | Last updated: August 8, 2014 at 10:30 am

tp-chandrasekaran-350x210കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലായ 52ാം പ്രതി തലശ്ശേരി പാനൂര്‍ ചാടിച്ചാടിപറമ്പ് അല്‍മന്‍ഹാല്‍ ഹൗസില്‍ കെ മുഹമ്മദ് സാഹിറി (40) നെ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ വിചാരണ പിന്നീട് നടത്താനാണ് തീരുമാനം. രണ്ട് ദിവസം മുമ്പാണ് അബൂദബിയില്‍ നിന്നെത്തിയ മുഹമ്മദ് സാഹിര്‍ ബംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ലുക്ക്ഔട്ട് സര്‍ക്കുലര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ കര്‍ണാടക പോലീസ് ടി പി വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. വായപ്പടച്ചി റഫീഖ് പിടിയിലായതോടെയാണ് മുഹമ്മദ് സാഹിര്‍ അബൂദബിയിലേക്ക് കടന്നത്. ടി പിയെ വധിച്ച കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ എത്തിച്ച് നല്‍കുകയും സഹായിയായി വര്‍ത്തിക്കുകയും ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനെട്ടാം പ്രതി വായപ്പടച്ചി റഫീഖിനെ മാരുതി കാറില്‍ കര്‍ണാടകയിലെ ഗോണിക്കുപ്പയില്‍ എത്താനും ഒളിവില്‍ പോകാനും സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഒളിവില്‍ പോയ സാഹിര്‍ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി ക്രൈം ബ്രാഞ്ച് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ടി പി വധക്കേസില്‍ ഇനി 24 ാം പ്രതി കുന്നുമ്മക്കര താഴെതാമ്പറത്ത് ഹൗസില്‍ ടി എം രാഹുല്‍ (26) മാത്രമാണ് പിടിയിലാകാനുള്ളത്.