കെ എസ് ആര്‍ ടി സി പ്രതിസന്ധി: കെ എം മാണിയും തിരുവഞ്ചൂരും തമ്മില്‍ ഭിന്നത

Posted on: August 8, 2014 1:46 am | Last updated: August 8, 2014 at 1:46 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ പുനരുദ്ധാരണ പാക്കേജ് ഉടന്‍ തയ്യാറാക്കും. ഇന്നോ നാളെയോ ഗതാഗത വകുപ്പ് പാക്കേജ് തയ്യാറാക്കി ധനവകുപ്പിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യ മന്ത്രി കെ എം മാണി, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് പുതിയ പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കുന്നത്.
കെ എസ് ആര്‍ ടി സി പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി സമര്‍പ്പിച്ചാല്‍ പണം അനുവദിക്കാമെന്ന് ധനമന്ത്രിയാണ് ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. കെ എസ് ആര്‍ ടി സിക്ക് പ്രത്യേക പെന്‍ഷന്‍ ഫണ്ട് അനുവദിക്കാനാകില്ലെന്ന് ധനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പെന്‍ഷന്‍ ഫണ്ട് എന്ന തരത്തില്‍ പ്രതിവര്‍ഷം 240 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് നല്‍കുന്നത് ധനവകുപ്പിന് അധിക ബാധ്യതയും തെറ്റായ കീഴ്‌വഴക്കവുമുണ്ടാക്കും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ മാതൃകയില്‍ തുക ആവശ്യപ്പെട്ടാല്‍ ധനവകുപ്പ് കൊടുക്കാന്‍ ബാധ്യസ്ഥരാകും. അതിനാല്‍, പ്രത്യേക പെന്‍ഷന്‍ ഫണ്ട് പ്രായോഗികമല്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. അതേസമയം, പെന്‍ഷന്‍ ഫണ്ടിനു പകരം പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രത്യേക വിഹിതമായി തുക അനുവദിക്കാമെന്ന് ധനവകുപ്പ് ഉറപ്പു നല്‍കി. കെ എസ് ആര്‍ ടി സിയുടെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതില്‍ തടസ്സമില്ല. അതിനാല്‍, ഉടന്‍ പാക്കേജ് തയ്യാറാക്കി ധനവകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിക്കണം. പുനരുദ്ധാരണ പാക്കേജില്‍ പെന്‍ഷന്‍ഫണ്ടും ഉള്‍പ്പെടുത്താം. അങ്ങനെ പെന്‍ഷന്‍കാരുടെ പ്രശ്‌നവും പരിഹരിക്കാമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി.
ഒരുവര്‍ഷം 240 കോടി രൂപ സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ പാക്കേജ് തയ്യാറാക്കുക. പുതിയ പാക്കേജിനുമേല്‍ പെന്‍ഷന്‍ സെസ്സ് ഏര്‍പ്പെടുത്താനും കെ എസ് ആര്‍ ടി സിക്ക് ധനവകുപ്പ് അനുമതി നല്‍കി. പെന്‍ഷന്‍ ഫണ്ടിനുള്ള 12 കോടി രൂപ കെ എസ് ആര്‍ ടി സി കണ്ടെത്തുന്നത് സെസ്സ് പിരിച്ചായിരിക്കും. 15 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് ഒരു രൂപയും 25 നു മുകളില്‍ രണ്ടുരൂപയും 50 നു മുകളില്‍ മൂന്നുര ൂപയും 75 ന് മുകളില്‍ നാലു രൂപയുമാണ് സെസ്സ് ഈടാക്കുക. കെ എസ് ആര്‍ ടി സി പുനരുദ്ധാരണപാക്കേജ് സമര്‍പ്പിക്കുന്ന മുറക്ക് അംഗീകാരം നല്‍കാമെന്നാണ് ധനവകുപ്പിന്റെ വാഗ്ദാനം. അതേസമയം, പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ കെ എസ് ആര്‍ ടി സിക്ക് വേണ്ടത് 40 കോടി രൂപയാണെന്നും ഇതില്‍ 20 കോടി രൂപ കോര്‍പറേഷന്റെ പക്കലുണ്ടെന്നും ബാക്കി സര്‍ക്കാര്‍ നല്‍കണമെന്നും ഗതാഗതവകുപ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ ധനവകുപ്പില്‍ നിന്ന് അനുകൂല സമീപനമുണ്ടാകാത്തത് ഗതാഗതമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. പലതവണ യോഗം ചേര്‍ന്നിട്ടും പ്രതിമാസ പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന ധനവകുപ്പിന്റെ നിലപാടാണ് ഗതാഗതവകുപ്പിനെ പ്രകോപിപ്പിക്കുന്നത്. ഇക്കാര്യം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ പണം നല്‍കിയേ തീരൂ എന്നും ഇനി മിണ്ടാതിരിക്കാനാകില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, പുതിയ പാക്കേജ് സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെടുമ്പോഴും മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്ന കാരത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.