മധ്യവയസ്‌കയായ മകളെ പിതാവ് സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് കോടതി

Posted on: August 8, 2014 12:30 am | Last updated: August 8, 2014 at 12:53 am

ന്യൂഡല്‍ഹി: മധ്യവയസ്‌കയായ മകളെ പരിപാലിക്കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കില്ലെന്ന് ഡല്‍ഹി കോടതി വിധി. വിധവയും 37 കാരിയുമായ തന്നെ സംരക്ഷിക്കാനും വീട്ടില്‍ താസിപ്പിക്കാനും മാതാപിതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് കാണിച്ച് ഒരു സ്ത്രീ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ സ്ത്രീക്ക് ജീവിക്കാനുള്ള പണം കണ്ടെത്താന്‍ കഴിവുണ്ടെന്നും മധ്യവയസ്‌കയായ മകളെ മാതാപിതാക്കള്‍ നോക്കേണ്ടതില്ലെന്നും ജില്ലാ സെഷന്‍സ് ജഡ്ജി ഇന മല്‍ഹോത്ര വിധിച്ചു. താന്‍ കഴിവില്ലാത്തവളാണെന്നും തന്റെ 80 വയസ്സുകാരനായ പിതാവിന് തന്നെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും കുട്ടിക്കാലത്ത് തനിക്ക് ആവശ്യമായ വിദ്യാഭ്യാസം മാതാപിതാക്കള്‍ നല്‍കിയില്ലെന്നും ഹരജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോടതി ഇവരുടെ വാദം തള്ളിക്കളഞ്ഞു. യാതൊരു നിയമത്തിന്റെയും പിന്തുണയില്ലാതെ എന്തിനാണ് ശാരീരികമായി ആരോഗ്യമുള്ള ഈ പരാതിക്കാരി വൃദ്ധനായ പിതാവിനെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കലാണ് മക്കളുടെ ബാധ്യതയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഈ സ്ത്രീ തന്നെ ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്നതിന് പകരം നിയമപരമായി സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശില്ലാത്ത മാതാപിതാക്കളെ സമീപിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. 12 ക്ലാസ് വരെ വിദ്യാഭ്യാസം നേടിയ പരാതിക്കാരിക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കിയില്ലെന്ന വാദവും നില നില്‍ക്കില്ല.
തന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിര്‍ബന്ധിച്ച് പിതാവ് തന്നെ വിവാഹം കഴിപ്പിച്ചതെന്നും വിവാഹസംബന്ധമായ അസ്വാരസ്യങ്ങള്‍ രണ്ട് പേര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതായും പരാതിയില്‍ ഈ സ്ത്രീ ആരോപിച്ചു.