സിന്‍ഡിക്കേറ്റ് പുനഃസംഘടന വൈകി; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്

Posted on: August 8, 2014 12:41 am | Last updated: August 7, 2014 at 11:42 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടന വൈകുന്നതിനാല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിന്‍ഡിക്കേറ്റിലേക്ക് വേണ്ടി നാല് ഡീന്‍മാരെ നോമിനേറ്റ് ചെയ്യുന്നതു ഗവര്‍ണര്‍ വൈകിപ്പിച്ചെന്ന് സര്‍വകലാശാല അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. തിരഞ്ഞെടുക്കപ്പെടേണ്ട ഡീന്‍മാരുടെ പട്ടിക സര്‍വകലാശാലയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. പട്ടിക രണ്ടാഴ്ചക്ക് മുമ്പ് നല്‍കിയ ശേഷമാണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണറെ പഴിചാരിയത്. 24 പേരെ ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്യാം. 20 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ സെനറ്റ് പൂര്‍ത്തിയാകണമെന്നില്ല. നേരത്തെ നിരവധി തവണ സെനറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസത്തിനകം സിന്‍ഡിക്കേറ്റ് രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സെനറ്റംഗങ്ങളുടെ കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ മാര്‍ച്ച് 30 ന് സെനറ്റ് തിരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയായി. സിന്‍ഡിക്കേറ്റ് രൂപവത്കരണം വൈകുകയാണെന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടും ഇതുവരെയും സെനറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി സെനറ്റംഗമായ മനു എസ് രാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍വകലാശാലയോട് കോടതി വിശദീകരണമാരാഞ്ഞു.
ഗവര്‍ണറുടെ വീഴ്ചയാണ് കാരണമെന്ന് സര്‍വകലാശാല മറുപടി നല്‍കി. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചത്.